Asianet News MalayalamAsianet News Malayalam

'കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല'; വിമര്‍ശനം എന്ന പേരില്‍ സിനിമയെ കൊല്ലരുതെന്നും റോഷന്‍ ആന്‍ഡ്രൂസ്

"പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ റെപ്രസന്‍റേറ്റീവുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് 2500 കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്"

criticism killing cinema industry says rosshan andrrews saturday night nivin pauly
Author
First Published Nov 5, 2022, 3:05 PM IST

മലയാളത്തില്‍ പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരം മുതല്‍ ഇന്നലെ പുറത്തിറങ്ങിയ സാറ്റര്‍ഡേ നൈറ്റ് വരെ ശ്രദ്ധേയ ചിത്രങ്ങളുടെ ഒരു നിരയാണ് അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി.പുതുകാലത്ത് ഇന്‍റര്‍നെറ്റിന്‍റെയും സോഷ്യല്‍ മീഡിയയുടെയും സ്വാധീനം സിനിമകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് അഭിപ്രായം പങ്കുവെക്കുന്നു റോഷന്‍ ആന്‍ഡ്രൂസ്. എഡിറ്റോറിയലിനു നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ പ്രതികരണം. മുന്‍പ് ഒരു ചിത്രം കഴിയുമ്പോഴായിരുന്നു കാണികളോട് അഭിപ്രായം ചോദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ മൈക്കുമായി എത്തുകയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ വാക്കുകള്‍

പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ റെപ്രസന്‍റേറ്റീവുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് 2500 കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങനെയാണ് ഞാന്‍ അതിനെ ആദ്യം കാണുന്നത്. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല. മറിച്ച് അവര്‍ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നശിപ്പിച്ച് താഴെയിട്ടുകളയും. വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. ഞാനൊരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോ എന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം. എനിക്ക് എത്തിപ്പെടാന്‍ പറ്റാത്തതിന്‍റെ ഫ്രസ്ട്രേഷന്‍ ആണോ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? 

ALSO READ : ചാക്കോച്ചനൊപ്പം ജയസൂര്യ; 'എന്താടാ സജി' ഫസ്റ്റ് ലുക്ക്

മുന്‍പ് സിനിമ തീരുമ്പോഴായിരുന്നു മൈക്കുമായി കയറിവരുന്നത്. ഇപ്പോള്‍ ആദ്യ പകുതി തീരുമ്പോള്‍ മൈക്കുമായി കയറി വരികയാണ്. ആ സിനിമയെ അപ്പോള്‍ തന്നെ കീറിമുറിക്കുകയാണ്. സിനിമ കാണാന്‍ പോകുന്നതിന് മുന്‍പ് യുട്യൂബില്‍ റിവ്യൂ നോക്കിയിട്ടാണ് ഇപ്പോള്‍ ആളുകള്‍ പോകുന്നത്. കൊറോണയ്ക്ക് മുന്‍പ് പോലും ഇത് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയറ്ററുകളില്‍ നിന്ന് നിങ്ങള്‍ക്ക് അകന്നുനിന്നുകൂടേ? ജനം പടം കാണട്ടെ. മുടക്കുമുതല്‍ തിരിച്ചുകിട്ടട്ടെ. ഒരു പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കത്തിച്ചു കളയാറുണ്ടോ? എന്നു പറഞ്ഞതുപോലെ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത്. 

Follow Us:
Download App:
  • android
  • ios