കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് കൊച്ചിയില്‍ സിനിമാ- സാംസ്കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച്. ചുറ്റും നടക്കുന്നതെല്ലാം നമ്മള്‍ ഒരുപാട് നാളുകളായി കണ്ടു കൊണ്ടിരിക്കുകയാണെന്നും അത് ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പമാണെന്നും കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നിന്നും ആരംഭിച്ച ലോങ് മാര്‍ച്ചില്‍ നടി റിമ കല്ലിങ്കല്‍ പറഞ്ഞു. അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്ന് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു. നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്നാണ് മാര്‍ച്ചിലെ പ്രധാന മുദ്രാവാക്യം. മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമവും അംഗീകരിക്കില്ലെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരുമടക്കമുള്ളവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കണ്ടപ്പോള്‍ ഇതാണ് പ്രതിഷേധിക്കേണ്ട സമയമെന്ന് തിരിച്ചറിയുകയായിരുന്നെന്ന് രഞ്ജിനി ഹരിദാസ് പ്രതികരിച്ചു. ആഷിഖ് അബു, അര്‍ച്ചന പത്മിനി, സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍ തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. ഫോര്‍ട്ട് കൊച്ചിയിലാണ് മാര്‍ച്ച് അവസാനിക്കുന്നത്. 

"

"

"