തിരുവനന്തപുരം: ലോകമെങ്ങും ആരാധകരുള്ള വിപ്ലവ പോരാളിയാണ് ചെഗുവേര. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ക്യൂബന്‍ വിപ്ലവ പോരാളിയായ ചെഗുവേരയുടെ ജന്മദിനത്തില്‍ ആശംസയറിച്ച് രംഗത്തെത്തിയ നടന്‍ പൃഥ്വിരാജ് സുകുമാരന് പക്ഷേ നേരിടേണ്ടിവന്നത് തെറി വിളികളാണ്.

ഫേസ്ബുക്കിലൂടെ ചെഗുവേരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന പൃഥ്വിയ്ക്കെതിരെ ഒരുസംഘം ആള്‍ക്കാരാണ് തെറിവളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള കമന്‍റുകളുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

മിസ്റ്റർ പൃഥ്വിരാജ് ഞാൻ താങ്കളുടെ പേജ് അൺലൈക്ക് ചെയ്യുന്നു എന്ന് തുടങ്ങുന്ന കമന്‍റുകള്‍ ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ ആർപ്പിച്ചത് ഒട്ടും ഉചിതമായില്ലെന്നും പറയുന്നുണ്ട്.

മുരളീ ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ചെഗുവേരയെ പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നതിന്റെ പ്രാരംഭ പ്രവർത്തനമാണ് രണ്ടു പേരുടെയും പോസ്റ്റ് എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ലെന്ന് പറയുന്നവരും കുറവല്ല. അതേസമയം പൃഥ്വിരാജിനെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.