ശിവകാര്‍ത്തികേയൻ നല്‍കിയിരിക്കുന്നത് 10 ലക്ഷമാണ്.

തമിഴ്‍നാടിന് അടുത്തിടെ വലിയ ഒരു ദുരിതമാണ് നേരിട്ടത്. മിഗ്‍ജാമ് ചുഴലിക്കാറ്റും മഴയുമായിരുന്നു ചെന്നൈയില്‍ ദുരിതം വിതച്ചത്. കന്നത്ത മഴയില്‍ താഴ്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം വെള്ളക്കെട്ടിലായിരുന്നു. ദുരിതം മറികടക്കാൻ സര്‍ക്കാരിന് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ശിവകാര്‍ത്തികേയനും.

ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് ചലച്ചിത്ര താരം ശിവകാര്‍ത്തികേയൻ 10 ലക്ഷം രൂപ നല്‍കിയെന്ന് തമിഴ്‍നാട് മന്ത്രി ഉദയനിധി സ്റ്റാലിനാണ് അറിയിച്ചത്. കാര്‍ത്തിയും സൂര്യയും അടക്കമുള്ളവരും സഹായവുമായി രംഗത്ത് എത്തിയിരുന്നു. ദുരിത ബാധിതരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയ വിജയ്‍യുടെ കുറിപ്പും ചര്‍ച്ചയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വിജയ് കുറിപ്പെഴുതുകയായിരുന്നു.

ആകുന്ന സഹായം ചെയ്യണം എന്നാണ് തന്റെ വെല്‍ഫെയര്‍ ക്ലബ് അംഗങ്ങളോട് വിജയ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചത്. കുടിവെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‍തുക്കളും ഇല്ലാതെ ആയിരക്കണക്കിന് ആളുകൾ എങ്ങനെ ദുരിതത്തിലാണെന്ന് സ്ഥിരമായി വാർത്തകൾ വരുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇവരെ രക്ഷിക്കാൻ സഹായം തേടി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിൽ, സർക്കാർ ഏറ്റെടുത്തിരിക്കുന്ന രക്ഷാദൗത്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധത അറിയിക്കാൻ വെൽഫെയർ ക്ലബ്ബ് അംഗങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും ദുരിതം അകറ്റാൻ കൈകോര്‍ക്കാം എന്നും വിജയ് എഴുതിയിരുന്നു.

ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു. തിരക്കഥയും മഡോണി അശ്വിന്റേതാണ് . ചിത്രം വൻ വിജയമായി മാറിയിരുന്നു.

മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: 'മോഹൻലാലിന്റെ ആ ഭാഷ ബോറാണ്', സംവിധായകൻ രഞ്‍ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക