Asianet News MalayalamAsianet News Malayalam

നടി വഹീദ റഹ്‍മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം

2021 ല്‍ പുറത്തെത്തിയ സ്കേറ്റര്‍ ഗിരിയാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം

Dadasaheb Phalke Award 2023 for veteran actress Waheeda Rehman nsn
Author
First Published Sep 26, 2023, 1:41 PM IST

മുതിര്‍ന്ന ബോളിവുഡ് താരം വഹീദ റഹ്‍മാന് ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 

1938 ല്‍ ഇന്നത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‍മാന്‍റെ ജനനം. തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തില്‍ 1955 ലാണ് വഹീദ റഹ്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിഐഡി എന്ന ബോളിവുഡ് അരങ്ങേറ്റചിത്രത്തിന് മുന്‍പ് മറ്റൊരു തെലുങ്ക് ചിത്രത്തിലും രണ്ട് തമിഴ് ചിത്രങ്ങളിലും വഹീദ അഭിനയിച്ചിരുന്നു. പ്യാസ, കാഗസ് കെ ഫൂല്‍, ചൌധവി കാ ചാന്ത്, സാഹെബ് ബീവി ഓര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ഭാവപൂര്‍ണതയോടെ അവതരിപ്പിച്ച വഹീദയ്ക്ക് മികച്ച ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1971 ല്‍ പുറത്തിറങ്ങിയ രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു ഇത്.

ഫിലിംഫെയര്‍ അവാര്‍ഡ്, ചിക്കാഗോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1972 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 2020 ല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ രാഷ്ട്രീയ കിഷോര്‍ കുമാര്‍ സമ്മാന്‍ ലഭിച്ചു. 1972 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യയാണ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. 2000 ന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് വഹീദ റഹ്‍മാന്‍ അഭിനയിച്ചിട്ടുള്ളത്. 2021 ല്‍ പുറത്തെത്തിയ സ്കേറ്റര്‍ ഗിരിയാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം.

ALSO READ : രജനി പത്താമത്! ഇന്ത്യന്‍ നായകന്മാരുടെ ജനപ്രീതിയില്‍ ഷാരൂഖിനെയും മറികടന്ന് ഒന്നാമത് മറ്റൊരു തെന്നിന്ത്യന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios