സുബി സുരേഷ് ഇനിയില്ല എന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ലെന്നും വിനീത്.
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ സങ്കടത്തിലാണ് കലാ കേരളം. മലയാളി പ്രേക്ഷകരെ വര്‍ഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരുന്ന സുബിയുടെ ഓര്‍മകള്‍ കണ്ണീരോടെയാണ് താരങ്ങള്‍ അടക്കമുളളവര്‍ പങ്കുവയ്‍ക്കുന്നത്. സ്റ്റേജ് ഷോകളില്‍ ഗംഭീര നര്‍ത്തകി എന്ന നിലയിലും പേരെടുത്തിരുന്നു സുബി. സുബിക്കൊപ്പം നൃത്തം ചെയ്‍ത നടൻ വിനീതിന് അക്കാര്യമാണ് പറയാനുള്ളത്.
എന്തൊരു ഊര്‍ജ്വസ്വലയായ പെര്‍ഫോര്‍മര്‍ എന്നാണ് വിനീത് സുബിയെ കുറിച്ച് എഴുതിയിരിക്കുന്നത്. വളരെ പോസിറ്റീവിറ്റിയും സ്‍നേഹസമ്പന്നയുമായ ആദരണിയായ വ്യക്തിത്വമായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവര്‍ വിട്ടുപോകുന്നത് ഞെട്ടലുണ്ടാക്കുന്നു. ആ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. മികച്ച സ്റ്റേജ് പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ സുബിയെ എനിക്ക് അറിയാം. അവിസ്‍മരണീയമായ നിരവധി വേദികളില്‍ സുബിക്കൊപ്പം താൻ ഉണ്ടായിട്ടുണ്ട്. താരാ വിജയേട്ടൻ 2017ല്‍ യുഎസ്‍എയിയില്‍ സംഘടിപ്പിച്ചതായിരുന്നു അവസാനത്തേത്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ സന്തോഷമായിരുന്നു. വല്ലാത്ത വിഷമം തോന്നുന്നു. സുബിയുടെ അമ്മയ്‍ക്കും കുടുംബത്തിന്റെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാര്‍ഥിക്കുന്നു എന്നുമാണ് വിനീത് എഴുതിയിരിക്കുന്നത്.
സ്‍കൂള്‍ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ അനിവാര്യ സാന്നിദ്ധ്യമായിരുന്നു വര്‍ഷങ്ങള്‍ ഏറെയായി സുബി . യുട്യൂബ് ചാനലുമായും സുബി അടുത്തിടെ രംഗത്ത് എത്തിയിരുന്നു.നിരവധി ആരാധകരെ യൂട്യൂബ് ചാനലിലൂടെയും സ്വന്തമാക്കി സുബി സുരേഷ് കലാരംഗത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു. നിരവധി വിജയ ചിത്രങ്ങളിലും സുബി സുരേഷ് മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറക്കാരിയാണ് സുബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‍കൂളില്‍ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം എറണാകുളം സെന്റ് തെരേസാസിലായിരുന്നു. അംബികയും സുരേഷുമാണ് സുബിയുടെ മാതാപിതാക്കള്‍.
Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
