രജനീകാന്ത് ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന ചിത്രം 'ദര്‍ബാറി'ന്റെ പുതിയ പോസ്റ്റര്‍. മുരുഗദോസ് ആദ്യമായി രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ദര്‍ബാര്‍. തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ 'പേട്ട'യ്ക്ക് ശേഷം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറാണ് രജനിയുടെ കഥാപാത്രം. ആദിത്യ അരുണാചലം എന്നാണ് ഈ കഥാപാത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനീകാന്ത് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992ല്‍ പ്രദര്‍ശനത്തിനെത്തിയ 'പാണ്ഡ്യനി'ലാണ് അദ്ദേഹം ഇതിനുമുന്‍പ് പൊലീസ് യൂണിഫോം അണിഞ്ഞത്. മുംബൈയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നയന്‍താരയാണ് നായിക. ഛായാഗ്രഹണം സന്തോഷ് ശിവന്‍. വിജയ് നായകനായ 'സര്‍ക്കാരി'ന് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോക്‌സ്ഓഫീസില്‍ വിജയം കണ്ട ചിത്രമായിരുന്നു സര്‍ക്കാര്‍.