ഖാൻ ത്രയങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ നമ്പര്‍ 1 ആരായിരിക്കും? ബോളിവുഡിൽ ഒരു തലമുറമാറ്റം സംഭവിക്കുകയാണ്.

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഖാന്‍ ത്രയങ്ങള്‍ എന്നതായിരുന്നു. ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ചേര്‍ന്ന ത്രയം. എന്നാല്‍ കാലവും അതിനൊപ്പം സിനിമയും മാറുകയാണ്. ഖാന്‍ ത്രയങ്ങളിലെ മൂന്ന് പേരും റിട്ടയര്‍മെന്‍റ് ഏജില്‍ എത്തിയിട്ടുണ്ട്. 60 വയസ്. സിനിമാ അഭിനയത്തിന് വിരമിക്കല്‍ പ്രായമൊന്നും ഇല്ലെങ്കിലും ഹിന്ദി സിനിമാ വ്യവസായം ഇന്ന് ഇവരുടെ കുത്തകയല്ല. മറ്റൊരര്‍ഥത്തില്‍ തിയറ്ററുകളിലേക്ക് ആളുകളെ അകര്‍ഷിക്കുന്നതില്‍ ഇവരോളം പോന്ന പുതുതലമുറ രംഗം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ ഒരു തലമുറമാറ്റം തന്നെ നടക്കുന്ന വര്‍ഷമാണ് ഒരര്‍ഥത്തില്‍ 2026.

യുവനിരയിലെ ടോപ്പേഴ്സ്

ഖാന്‍ ത്രയങ്ങള്‍ക്ക് ശേഷം ബോളിവുഡ് ഇനി ഏറ്റവും ആഘോഷിക്കാന്‍ പോകുന്ന രണ്ട് പേരുകാര്‍ രണ്‍വീര്‍ സിംഗും രണ്‍ബീര്‍ കപൂറുമാണ്. ദംഗല്‍ കഴിഞ്ഞാല്‍ ബോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടം ഇപ്പോള്‍ രണ്‍വീര്‍ സിംഗിന്‍റെ പേരിലാണ്. കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തി ഇപ്പോഴും പ്രേക്ഷകരെ നേടുന്ന ധുരന്തര്‍ ആണ് ആ ചിത്രം. ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 1259 കോടി രൂപയാണ്! ഇന്ത്യന്‍ കളക്ഷനില്‍ ദംഗലിനേക്കാള്‍ മുകളില്‍ ഈ ചിത്രം തന്നെ. രണ്‍ബീറിനെ സംബന്ധിച്ച് 2023 ല്‍ പുറത്തെത്തിയ അനിമല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 900 കോടിക്ക് മുകളില്‍ നേടിയിരുന്നു.

ഈ രണ്ട് താരങ്ങള്‍ തമ്മിലുള്ള വലിയ ബോക്സ് ഓഫീസ് മത്സരം സിനിമാപ്രേമികള്‍ കാണാന്‍ പോവുന്ന വര്‍ഷം കൂടിയാണ് 2026. രണ്‍വീറിന്‍റേതായി ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുക ധുരന്ദര്‍ 2 തന്നെയാണ്. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രം മാര്‍ച്ച് 19 നാണ് എത്തുക. അതേസമയം ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന മറ്റൊരു ബിഗ് പ്രോജക്റ്റ് ആണ് രണ്‍ബീര്‍ കപൂറിന്‍റേതായി ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുക. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യ ഭാഗമാണ് അത്. രണ്ട് ഭാഗങ്ങളിലായി 4000 കോടി ബജറ്റ് പറയപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദംഗല്‍ ഒരുക്കിയ നിതേഷ് തിവാരിയാണ് എന്നതും ശ്രദ്ധേയം. ഈ ചിത്രങ്ങള്‍ നേടുന്ന വിജയങ്ങള്‍ ഇരുവരുടെയും മുന്നോട്ടുള്ള കരിയറിനെ വലിയ അളവില്‍ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

Rahul Mamkootathil | Asianet News Live | Malayalam Live News | Breaking News l Kerala News Updates