നല്ല ഒരാളെയാണ് അനുവിന് കിട്ടിയിരിക്കുന്നത്.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരവും ബിഗ് ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും അനുമോൾ പങ്കുവെച്ചിരുന്നില്ല. ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. നടനും മോഡലും കണ്ടന്റ് ക്രിയേറ്ററുമാണ് ഭുവനേശ്. ഇപ്പോഴിതാ അനുമോളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് അനുവിന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളും നടിയും അവതാരകയും കൂടിയായ ഡയാന ഹമീദ്.
''അനുവിന്റെ വിവാഹത്തിന് എനിക്ക് പോകാൻ പറ്റിയില്ല. അതിലെനിക്ക് ഭയങ്കര സങ്കടമുണ്ട്. വിവാഹസമയത്ത് ഞാൻ നാട്ടിൽ ഇല്ലായിരുന്നു. ചാലക്കുടിയിൽ വെച്ചായിരുന്നു അനുവിന്റെ വിവാഹം. എന്റെ കല്യാണത്തിന് ഉടനീളം എന്നോടൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു അനു. നിക്കാഹ് കഴിഞ്ഞ് ഞാൻ പോകുന്നതുവരെ കൂടെയുണ്ടായിരുന്നു.
ഒരുപാട് സന്തോഷം. നല്ല ഒരാളെയാണ് അനുവിന് കിട്ടിയിരിക്കുന്നത്. അവൾക്ക് ഏറ്റവും ചേരുന്ന ഒരു പയ്യനാണ്. സന്തോഷത്തോടെ അവർ ജീവിക്കട്ടെ. ഞങ്ങളുടെ എല്ലാവരുടെയും മനസിലെ ഒരു വലിയ പ്രാർത്ഥന അതാണ്. ഭുവനും അനുവും എല്ലാവിധ സന്തോഷങ്ങളോടെയും കൂടെ ജീവിക്കട്ടെ എന്നത്. എല്ലാ അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അനുവിനോട് പറയാൻ ഉള്ളതും ഇതു തന്നെയാണ് അവസാനം നീ നിന്റെ പ്രിൻസ് ചാമിങ്ങിനെ കണ്ടെത്തി. രണ്ടാളും നല്ല ജോഡിയാണ്. ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ. എല്ലാ നൻമകളും ദൈവം തരട്ടെ. ഞങ്ങളെല്ലാവരും ഭയങ്കര ഹാപ്പിയാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡയാന പറഞ്ഞു.
