"ഞാൻ മലയാള സിനിമയെ സ്നേഹിക്കുന്നയാളാണ്. ഇവിടുത്തെ അഭിനേതാക്കളുടെ കഴിവ് എനിക്ക് അറിയാം. അതുകൊണ്ടാണ് ചെറിയ ബജറ്റിൽ ഒരു സിനിമ എടുക്കാന്‍ തയ്യാറായത്."
21 വയസ്സുള്ള ആര്‍. മുത്തയ്യ മുരളിയാണ് "ഡിയര്‍ വാപ്പി" നിര്‍മ്മിച്ചത്. മലയാള സിനിമയെ സ്നേഹിക്കുന്ന മുത്തയ്യ അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
"ഡിയര്‍ വാപ്പി"ക്ക് ലഭിച്ച പ്രതികരണങ്ങളിൽ ഹാപ്പിയാണോ?
"ഡിയര്‍ വാപ്പി"ക്ക് ലഭിച്ച പ്രതികരണങ്ങളിൽ ഞാൻ വളരെ സന്തുഷ്ടനാണ്. രണ്ട് പ്രീമിയര്‍ ഷോകള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നു, കൊച്ചിയിലും ചെന്നൈയിലും. രണ്ടിടങ്ങളിലും സിനിമ നന്നായി സ്വീകരിക്കപ്പെട്ടു. പ്രേക്ഷകര്‍ വളരെ ഹാപ്പിയായിരുന്നു. ചെന്നൈയിൽ സിനിമാമേഖലയിൽ നിന്നുള്ള ധാരാളം പേരും സിനിമ കാണാൻ വന്നിരുന്നു. ഓൺലൈൻ റിവ്യൂകളും സിനിമ നല്ലതാണെന്ന് തന്നെയാണ് പറഞ്ഞത്. പക്ഷേ, വാരാന്ത്യ കളക്ഷൻ കുറവാണ്. മലയാളികള്‍ ഇപ്പോള്‍ സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത് കുറവാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. അതായിരിക്കാം കാരണം. എങ്കിലും സിനിമയ്ക്ക് കിട്ടിയ പ്രതികരണത്തിൽ എനിക്ക് സന്തോഷമുണ്ട്.
തമിഴ്നാട്ടുകാരനായ മുത്തയ്യ എന്തുകൊണ്ട് ആദ്യ സിനിമ മലയാളത്തിൽ പ്രൊഡ്യൂസ് ചെയ്തത്?
അതേ, ഞാൻ തമിഴ്നാട്ടുകാരനാണ്. പക്ഷേ, കേരളം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്. നമ്മള്‍ എന്തെങ്കിലും ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ സ്വാഭാവികമായും അതിനോട് അടുപ്പം കൂടുമല്ലോ. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. മലയാളത്തിലെ ഒരുപാട് അഭിനേതാക്കള്‍ തമിഴിൽ വേഷങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. തമിഴ്നാട്ടിലെ ഒരു മുഖ്യമന്ത്രി മലയാളിയായിരുന്നില്ലേ. മുൻപ് മമ്മൂട്ടി പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു, മലയാളികളും തമിഴരും തമ്മിൽ സാമ്യതകളാണ് കൂടുതൽ. നമ്മുടെ സംസ്കാരത്തിലും ജീവിതരീതികളിലും എല്ലാം അത് പ്രകടമാണ്. ഞാൻ മലയാള സിനിമയെ സ്നേഹിക്കുന്നയാളാണ്. ധാരാളം മലയാള സിനിമകള്‍ ഞാൻ കാണുന്നുണ്ട്. ഇവിടുത്തെ അഭിനേതാക്കളുടെ കഴിവ് എനിക്ക് അറിയാം. അതുകൊണ്ടാണ് ചെറിയ ബജറ്റിൽ ഒരു സിനിമ എടുക്കാന്‍ തയ്യാറായത്.
സംവിധായകന്‍ ഷാൻ തുളസീധരനിലേക്ക് എങ്ങനെയെത്തി?
ഷാന്‍ തുളസീധരനെക്കുറിച്ച് ഞാൻ അറിഞ്ഞത് അച്ഛന്‍റെ ഒരു സുഹൃത്ത് വഴിയാണ്. ഷാൻ ഈ കഥ എന്‍റെ അച്ഛനോട് പറഞ്ഞു. പിന്നീട് ഞാൻ കഥ കേട്ടു. എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു. 21 വയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥയാണിത്. നമുക്ക് അറിയാവുന്ന 21 വയസ്സുള്ള കുട്ടികള്‍ എന്താണ് ചെയ്യുന്നത്. അവര്‍ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ജീവിതം ആഘോഷിക്കുകയാണ്. ഈ സിനിമയിൽ നായിക അവളുടെ അച്ഛനെ സഹായിക്കുകയാണ്. അവളുടെ അച്ഛന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം നിൽക്കുകയാണ്. അത് എന്ന സ്പര്‍ശിച്ചു.
21 വയസ്സുള്ള പ്രൊഡ്യൂസര്‍ എന്നതാണ് "ഡിയര്‍ വാപ്പി"യുടെ ഒരു പ്രത്യേകത. എന്തുകൊണ്ടാണ് ഈ സിനിമ തെരഞ്ഞെടുത്തത്?
കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്ക് അനുസരിച്ച് ഞാൻ ആണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന് തോന്നുന്നു. പക്ഷേ, ലിസ്റ്റിൻ സ്റ്റീഫൻ 22-ാം വയസ്സിൽ പ്രൊഡ്യൂസര്‍ ആയെന്നാണ് എന്‍റെ അറിവ്. അതുകൊണ്ടുതന്നെ പ്രായം ഒരു വലിയ ഘടകമാണെന്ന് തോന്നുന്നില്ല. പ്രൊഫഷണലിസമാണ് പ്രധാനം.
അടുത്ത സിനിമയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയോ?
അടുത്ത സിനിമ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ഒരു ക്യാംപസ് സിനിമയാകും അത്. കൂടുതൽ സിനിമകള്‍ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആദ്യത്തെ സംരംഭം തീര്‍ച്ചയായും ഒരു പരീക്ഷണമാണല്ലോ. കൂടുതൽ അറിവ് നേടാനാണ് അത് ഉപകരിക്കുക. "ഡിയര്‍ വാപ്പി" മലയാള സിനിമയെക്കുറിച്ച് എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്.
തമിഴിൽ സിനിമ ചെയ്യാൻ ആഗ്രഹമില്ലേ?
തമിഴിൽ എന്തായാലും ഇപ്പോള്‍ സിനിമകള്‍ എടുക്കാനില്ല. തമിഴ് സിനിമയിൽ എല്ലാവരും താരങ്ങളാണ്, അഭിനേതാക്കളല്ല. പക്ഷേ, മലയാളത്തിൽ എല്ലാവരും അഭിനേതാക്കളാണ്. സ്റ്റാര്‍ഡത്തിന് പിന്നാലെ പോകാൻ ഇല്ല. നല്ല പ്രൊഫഷണലുകളെയും നടന്മാരെയും സമീപിക്കാനാണ് ആഗ്രഹിക്കുന്നത്.
