വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മ്മയില്‍ '1921' എന്ന സിനിമ വീണ്ടും ചര്‍ച്ചയാവുമ്പോള്‍  സാക്ഷിയാവാന്‍ അച്ഛനില്ല എന്നത് തന്നെ വിഷമിപ്പിക്കുന്നുവെന്ന് ടി ദാമോദരന്‍റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. മലബാര്‍ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആ ചരിത്രപുരുഷനെ ഓര്‍ക്കാന്‍ ഒരു സിനിമയേ ഉള്ളൂ എന്നത് ഖേദകരമാണെന്നും അദ്ദേഹത്തെക്കുറിച്ച് അനേകം സിനിമകള്‍ ഉണ്ടാവട്ടെയെന്നും ദീദി പറയുന്നു. മലബാര്‍ കലാപം പശ്ചാത്തലമാക്കി ഐ വി ശശിയുടെ സംവിധാനത്തില്‍ 1988ല്‍ പുറത്തെത്തിയ ചിത്രം '1921'ന്‍റെ തിരക്കഥ ടി ദാമോദരന്‍റേതായിരുന്നു. ചിത്രത്തിലെ പല സുപ്രധാന രംഗങ്ങളുടെയും പകര്‍ത്തിയെഴുത്തുകാരിയായി അച്ഛനൊപ്പം ഇരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീദി ദീമോദരന്‍ പറഞ്ഞു. സിനിമയുടെ ഒരു ലൊക്കേഷന്‍ സ്റ്റില്ലും ദീദി പങ്കുവച്ചിട്ടുണ്ട്.

'1921' ഓര്‍മ്മകളെക്കുറിച്ച് ദീദി ദാമോദരന്‍

1921 ന്‍റെ ആ തിരക്കഥയാണ് (ഫോട്ടോയിൽ) അച്ഛന്‍റെ കയ്യിൽ.

"1921 " അച്ഛന് ഒരന്വേഷണമായിരുന്നു. ചരിത്രത്തിലേക്കും സിനിമയിലേക്കും. വർഷങ്ങളുടെ അധ്വാനം അതിലുണ്ട് . "മലബാർ കലാപ"ത്തിന് നൂറു വയസ്സ് തികയാൻ പോകുന്ന വേളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചരിത്രപുരുഷന്‍റെ ഓർമ്മയിൽ "1921" നെ മാധ്യമങ്ങളും ചരിത്രകാരന്മാരും ഓർത്തെടുക്കുമ്പോൾ അത് പങ്കുവെയ്ക്കാൻ അച്ഛനില്ലാതെ പോയതിൽ വ്യസനിക്കുന്നു. അത് എന്‍റെ പകർത്തെഴുത്തോർമ്മകളെയും തൊട്ടുണർത്തുന്നു. അതിലെ സുപ്രധാനമായ പല രംഗങ്ങളുടെയും ഒരു പകർത്തെഴുത്തുകാരിയായി അച്ഛനോടൊപ്പം ഇരിക്കാനായതിൽ അഭിമാനിക്കുന്നു.

 

ജനിച്ചു വളർന്ന നാടിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള അച്ഛന്‍റെ സാമൂഹ്യപാഠം ക്ലാസ്സുകളിലെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഒരു പക്ഷേ അതുകൊണ്ടാവണം1921 എന്ന ബൃഹദ് സിനിമയിൽ ശ്രീ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തേക്കാൾ വലുതായി വന്ന് അയാൾ ഹൃദയത്തിൽ തൊട്ടത്. കയ്യടികൾ ഏറ്റു വാങ്ങിയത്. തന്‍റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിൽ ഒന്നായി ശ്രീ. ടി ജി രവി എന്നും ആ കഥാപാത്രത്തെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനും അത് അങ്ങനെതന്നെയായിരുന്നു. എഴുതിയ കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടത്.

"1921" തീയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ചിത്രം മാത്രമായിരുന്നില്ല. ഐ വി ശശി - ടി ദാമോദരൻ ടീമിന്‍റെ രാഷ്ട്രീയ സിനിമകളിൽ വേറിട്ട് നിൽക്കുന്ന ഈ ചരിത്രാഖ്യാനം 1988 ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സിനിമ ആ വർഷം തന്നെ സംസ്ഥാന സർക്കാറിന്‍റെ കലാമൂല്യവും ജനപ്രീതിയും നേടിയ മികച്ച ചിത്രത്തിനുള്ള അംഗീകാരവും നേടിയിട്ടുണ്ട്. നിരവധി വർഷം തുടർച്ചയായി തിയേറ്ററുകളില്‍ റിലീസുകൾ ആവർത്തിച്ചു. ടിവി ചാനലുകളിലിന്നും അത് സജീവമായി തുടരുന്നു. എല്ലാ വിഭാഗം പ്രേക്ഷകരും അതിന് അംഗീകാരം നൽകി. അത് ഒരു കലാപവുമുണ്ടാക്കിയില്ല. ഒരു സ്പർദ്ധക്കും വഴിയൊരുക്കിയില്ല.

മലബാർ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ആ ചരിത്രപുരുഷനെ ഓർക്കാൻ ഒരു സിനിമയേ ഉണ്ടായുള്ളൂ എന്നതിലാണ് ഖേദം. വാരിയംകുന്നിന്‍റെ പേരിൽ നാലല്ല ഒരു നൂറു സിനിമകൾ തന്നെ ഉണ്ടാകട്ടെ.

നാല് സിനിമകൾക്കും അഭിവാദ്യങ്ങൾ!

പിന്നിടുന്ന ചരിത്രം പിന്തുടരുന്ന ചരിത്രവുമാണ്. 1988 ൽ നിന്നും 2021 ലേക്കെത്തുമ്പോൾ 1921ന്‍റെ കഥയിൽ ഒരു മാറ്റമാണ് ഞാൻ പ്രത്യാശിക്കുന്നത്.
അത് വാരിയംകുന്നത്തിന്‍റെ ജീവിതം സാധ്യമാക്കിയ സ്ത്രീകളും ആ ചരിത്രത്തിൽ ഉൾചേരണം എന്നാണ്. അതേറ്റെടുക്കാൻ പിടിക്കും ആഷിക്കിനും ഇബ്രാഹിം വേങ്ങരക്കും അലി അക്ബറിനും സാധിക്കട്ടെ. ഓർമ്മപ്പെടലും ഓർമ്മപ്പെടുത്തലും തന്നെയാണ് ചരിത്രത്തെ ജീവസ്സുറ്റതാക്കുന്നത്. അതിനെ എന്തിന് ഭയക്കണം? എല്ലാവർക്കും ആശംസകൾ.