Asianet News MalayalamAsianet News Malayalam

രശ്മികയിൽ മാത്രം ഒതുങ്ങില്ല, ആലിയയുടെയും ദീപികയുടെയുംവരെ ഡീപ്ഫേക്ക്; വീഡിയോകൾ പ്രചരിക്കുന്നു, ഇടപെട്ട് മന്ത്രി

ഒറ്റനോട്ടത്തിൽ രശ്മിക തന്നെയെന്ന് തോന്നും, പക്ഷേ രശ്മികയല്ല. സാറ പട്ടേൽ എന്ന ബ്രിട്ടിഷ് ഇന്ത്യൻ ഇൻഫ്ലുവൻസർ ഒക്ടോബർ 9ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഒറിജിനൽ.

deep fake video of actresses Rashmika Mandanna deepika padukone alia bhatt viral minister interferes btb
Author
First Published Nov 7, 2023, 4:20 AM IST

ദില്ലി: ഇന്ത്യൻ സിനിമയിലെ താരങ്ങളുടെ മുഖം ഒട്ടിച്ചുചേർത്ത ഡീപ്പ് ഫേക്ക് വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നടി രശ്മിക മന്ദാനയുടെ മുഖം ഒട്ടിച്ചുചേർത്ത ഡീപ്പ് ഫേക്ക് വീഡിയോ നേരത്തെ വിവാദമായിരുന്നു. രശ്മികയുടേത് മാത്രമല്ല അലിയ ഭട്ട്, കിയാറ അദ്വാനി, ദീപിക പദുക്കോൺ എന്നീ ബോളിവുഡ് നടിമാരുടെ വ്യാജ വീഡിയോകളും ഇപ്പോള്‍ എക്സില്‍ പ്രചരിക്കുകയാണ്. ഒരു സമൂഹമെന്ന നിലയിൽ ഇത്തരം സംഭവങ്ങളെ നേരിടണമെന്നാണ് രശ്മികയുടെ പ്രതികരണം.

ഒറ്റനോട്ടത്തിൽ രശ്മിക തന്നെയെന്ന് തോന്നും, പക്ഷേ രശ്മികയല്ല. സാറ പട്ടേൽ എന്ന ബ്രിട്ടിഷ് ഇന്ത്യൻ ഇൻഫ്ലുവൻസർ ഒക്ടോബർ 9ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഒറിജിനൽ. സാറയുടെ തലമാറ്റി രശ്മികയുടേതാക്കി മാറ്റിയാണ് പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നുമാണ് രശ്മികയുടെ പ്രതികരണം. കൂടുതൽപ്പേർ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ പ്രശ്നത്തെ നേരിടണമെന്നും നടി ആവശ്യപ്പെട്ടു.

കേന്ദ്ര സൈബർ സുരക്ഷ സംഘത്തെ അടക്കം ടാഗ് ചെയ്താണ് നടിയുടെ പോസ്റ്റ്. ഡീപ്പ് ഫേക്കുകൾ അപകടരമാണെന്ന് പ്രതികരിച്ച കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കത്തിന്റെ കാര്യത്തിൽ സോഷ്യല്‍ മീഡിയ കമ്പനികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മപ്പെടുത്തി. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ പുതിയ സംഭവമല്ലെങ്കിലും എഐ ടൂളുകളുടെ കടന്ന് വരവ് മുഖം മാറ്റൽ എളുപ്പമാക്കി. ഒറ്റ ചിത്രം മതി ഏത് വീഡിയോയിലും നിങ്ങളുടെ മുഖം വരുത്താം, ചിത്രങ്ങളുടെ എണ്ണം കൂടിയാൽ വ്യാജന്‍റെ ഒറിജിനാലിറ്റിയും കൂടും.

സാമാന്യം കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്ന ആർക്കും ഇതൊക്കെ ചെയ്യാൻ പറ്റും. മുഖം മാത്രമല്ല, ശബ്‍ദവും മാറ്റാൻ പറ്റുന്ന വെബ്സൈറ്റുകളുണ്ട്. നിലവിലെ വീഡിയോയിൽ തലമാറ്റിയൊട്ടിക്കുന്നതിനപ്പുറം, എഴുതി നൽകുന്ന നിർദ്ദേശത്തിന് അനുസരിച്ച് വീഡിയോ നിർമ്മിച്ച് നൽകുന്ന സംവിധാനങ്ങൾ വേറെയുമുണ്ട്. പ്രശസ്ത നടികളുടെ മുഖം വച്ച് പോൺ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന സംഘം എക്സിൽ സജീവമാണ്. ഇത്തരക്കാരെ നിയന്ത്രിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും ഇലോൺ മസ്കിന്റെ നിയന്ത്രണത്തിലുള്ള പഴയ ട്വിറ്ററിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

പ്രമുഖ ബോളിവുഡ് നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ ഷെയർ ചെയ്യുന്ന ഒരു അക്കൗണ്ടിലെ വീ‍ഡിയോകൾക്ക് പതിനായിരത്തിലധികം കാഴ്ചക്കാരുണ്ട്. ഇത്തരം ഡസൻ കണക്കിന് അക്കൗണ്ടുകൾ ട്വിറ്ററിൽ ഒരു നിയമത്തെയും കൂസാതെ സ്വൈര്യ വിഹാരം നടത്തുന്നു. എഐ ഡീപ്പ് ഫേക്ക് നിർമ്മാണ വെബ്സൈറ്റുകളെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഫലപ്രദമായ സംവിധാനമുണ്ടാക്കാൻ ഒരു രാജ്യത്തിനും, ടെക് കന്പനിക്കും ഇത് വരെ സാധിച്ചിട്ടുമില്ല. ആഗോള തലത്തിൽ തന്നെ എഐ ജനറേറ്റഡ് വ്യാജ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

5 പെഗ് എംസിബി അടിച്ചു, എഗ്ഗ് ചില്ലിയും അകത്താക്കി! കാശുമായി ദാ വരാമെന്ന് പറഞ്ഞ യുവാവിനെ തേടി ബാർ ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios