മുംബൈ: ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിം​ഗിന്റെയും ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്. ആഘോഷങ്ങളൊന്നുമില്ലാതെ ഒന്നാം വിവാഹവാര്‍ഷികം തീര്‍ഥാടനമാക്കി മാറ്റാനാണ് താരദമ്പതികളുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായി ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരിക്കുകയാണ് ദീപ് വീര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരദമ്പതികള്‍.

വിവാഹ വാർഷികത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി” എന്ന അടിക്കുറിപ്പോടെയായിരുന്നു ദീപിക ചിത്രങ്ങൾ പങ്കുവച്ചത്. കുടുംബാം​ഗങ്ങൾക്കൊപ്പമാണ് ദമ്പതികൾ ക്ഷേത്രദർശനം നടത്തിയത്.

ചുവന്ന കാഞ്ചീപുരം സാരിയും ടെമ്പിള്‍ ഡിസൈനിലുള്ള ആഭരണങ്ങളും അണിഞ്ഞ് നവവധുവിനെ പോലെയാണ് ദീപിക ക്ഷേത്രത്തിലെത്തിയത്. ഐവറി കുർത്ത പൈജാമയ്ക്കൊപ്പം ബ്രൊക്കേഡ് ജാക്കറ്റായിരുന്നു രൺവീറിന്റെ വേഷം. വിവാഹ വാർഷികത്തോടനുബന്ധിച്ച് നാളെ രൺവീറും ദീപികയും അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

2018 നവംബര്‍ 14,15 തീയ്യതികളിലായി ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹച്ചടങ്ങുകള്‍ നടന്നത്. പരമ്പരാ​ഗത കൊങ്ങിണി ആചാരപ്രകാരമായിരുന്നു ഇരുവരുടയും വിവാഹച്ചടങ്ങുകൾ നടന്നിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്.

വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തുന്ന  ’83’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദമ്പതികൾ. കാബിർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്. ഫൈൻഡിങ് ഫന്നി, റാം ലീല, ബജ്റാവോ മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.