മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി  ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.  ശ്രദ്ധാ കപൂറിനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട്. നടിമാർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദീപികയെ എൻസിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്.

2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റിൽ ദീപികയ്ക്ക് മറുപടി നൽകിയ ടാലന്‍റ് മാനേജർ കരിഷ്മ പ്രകാശിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു ടാലന്‍റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകൾ. നടി സാറാ അലിഖാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേദാർനാഥ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബ‍ർത്തി മൊഴി നൽകിയിരുന്നു.