20 കോടിയാണ് ദീപികയ്ക്ക് നിര്‍മ്മാതാക്കള്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന പ്രതിഫലം

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ പ്രധാനിയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. പ്രതിഫലത്തിലും ആ താരമൂല്യം കാണാനാവും. വരാനിരിക്കുന്ന ഒരു ചിത്രത്തിനായി കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങാന്‍ ഒരുങ്ങുകയായിരുന്നു ദീപിക. എന്നാല്‍ ആ ചിത്രത്തില്‍ നിന്നും താരം പുറത്താക്കപ്പെട്ടിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. അവരുടെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമായ 20 കോടിയാണ് ചിത്രത്തില്‍ ലഭിക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ സ്പിരിറ്റില്‍ ദീപികയാവില്ല നായികയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദീപിക മുന്നോട്ടു വച്ചിരിക്കുന്ന വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ നായികാ വേഷത്തിലേക്ക് മറ്റൊരു താരത്തെ നോക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

8 മണിക്കൂര്‍ ജോലി എന്ന ആവശ്യം ദീപിക നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വച്ചതായാണ് വിവരം. എന്നാല്‍ അങ്ങനെ വരുന്നപക്ഷം ആറ് മണിക്കൂര്‍ മാത്രമേ ചിത്രീകരണം നടക്കൂ എന്നാണ് മറുവാദം. 20 കോടി പ്രതിഫലത്തിനൊപ്പം ചിത്രത്തിന്‍റെ ലാഭവിഹിതവും തനിക്ക് ലഭിക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ചിത്രത്തില്‍ തെലുങ്കില്‍ സംഭാഷണങ്ങള്‍ പറയാനും ദീപിക വിസമ്മതിച്ചുവെന്നും വാര്‍ത്തകളിലുണ്ട്. ഇക്കാരണങ്ങളാല്‍ ദീപികയെ മാറ്റി നായികയ്ക്കായി മറ്റൊരു ഓപ്ഷന്‍ തേടാന്‍ സന്ദീപ് റെഡ്ഡി വാംഗ തീരുമാനിച്ചുവെന്നാണ് വിവരം. അതിനായുള്ള അന്വേഷണം സംവിധായകന്‍ ഇതിനകം തുടങ്ങിയെന്നും തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നുണ്ട്. 

2024 അവസാനം ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നു സ്പിരിറ്റ്. എന്നാല്‍ ദീപിക പദുകോണിന്‍റെ ഗര്‍ഭകാലം ചിത്രീകരണം മുന്നോട്ട് നീട്ടി. ഷെഡ്യൂളില്‍ പ്രശ്നം വന്നതിന് പിന്നാലെ പിന്മാറാന്‍ ദീപിക തയ്യാറെടുത്തിരുന്നു. എന്നാല്‍ സംവിധായകന്‍ ദീപികയ്ക്ക് അനുയോജ്യമായ തരത്തില്‍ ചിത്രീകരണം മാറ്റുകയായിരുന്നു. 

ജവാന്‍, കല്‍കി 2898 എഡി എന്നീ ചിത്രങ്ങളിലാണ് ദീപിക പദുകോണ്‍ അവസാനം അഭിനയിച്ച് പുറത്തെത്തിയത്. കല്‍ക്കിയുടെ രണ്ടാം ഭാഗം, സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍, ഷാരൂഖ് ഖാന്‍ നായകനാവുന്ന കിംഗ് എന്നീ ചിത്രങ്ങളില്‍ ദീപിക അഭിനയിക്കുമെന്നാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. സ്പിരിറ്റില്‍ നിന്ന് താരം പുറത്തായി എന്ന റിപ്പോര്‍ട്ടുകളിലും ഔദ്യോഗിക പ്രതികരണങ്ങള്‍ എത്തിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം