നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രം
കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായ ഇരുള്‍. മിസ്റ്ററി ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ആദ്യം പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലൂടെയും എത്തിയിരിക്കുകയാണ്. തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അപരാധി എന്നാണ് തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ പേര്.
ഫഹദ് ഫാസിലിനൊപ്പം ദര്‍ശന രാജേന്ദ്രനും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അലക്സ് പാറയില്‍ എന്ന നോവലിസ്റ്റ് ആണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം. അര്‍ച്ചന പിള്ളയായി ദര്‍ശനയും ഉണ്ണിയായി ഫഹദ് ഫാസിലും എത്തുന്നു. അലക്സ് എഴുതിയ 'ഇരുള്‍' എന്ന നോവലില്‍ നിന്നാണ് സിനിമ സഞ്ചാരം തുടങ്ങുന്നത്. ദ്വന്ദ്വ വ്യക്തിത്വവും കഥാപാത്രങ്ങളുടെ വിവിധ തലങ്ങളിലുള്ള മാനസിക വ്യാപാരങ്ങളുമൊക്കെ കടന്നുവരുന്ന ചിത്രമാണ് ഇത്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് ആദ്യതരംഗത്തിനു ശേഷം ചിത്രീകരണം നടത്തിയ സിനിമയാണിത്. 'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും ഒരുമിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.


