റീ റിലീസില്‍ വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം 'ദേവദൂതന്‍' സ്ട്രീമിംഗ് തുടങ്ങി

മലയാളത്തില്‍ ഏറ്റവുമധികം റീ റിലീസുകള്‍ എത്തിയത് മോഹന്‍ലാലിന്‍റേതാണ്. അതില്‍ ഭൂരിഭാഗം ചിത്രങ്ങളും കാണികളെ കാര്യമായി തിയറ്ററുകളില്‍ എത്തിക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍. ഒറിജിനല്‍ റിലീസിന്‍റെ സമയത്ത് വേണ്ടത്ര കളക്ഷന്‍ നേടാതെപോയ ചിത്രം റീ റിലീസില്‍ പക്ഷേ നിര്‍മ്മാതാവിന് ആ നഷ്ടം നികത്തിക്കൊടുത്തു. കാര്യമായ റീമാസ്റ്ററിംഗോടെയാണ് ചിത്രം റീ റിലീസ് ആയി എത്തിയത്. ഇപ്പോഴിതാ ഈ പതിപ്പ് തിയറ്ററുകളില്‍ കാണാനാവാതെ പോയവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രം അവര്‍ക്ക് സൗജന്യമായി കാണാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ചിത്രം യുട്യൂബില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ കോക്കേഴ്സ് ഫിലിംസിന്‍റെ യുട്യൂബ് ചാനലായ കോക്കേഴ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. 28 ന് സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഇതിനകം 98,000 ല്‍ അധികം പേര്‍ കണ്ടിട്ടുണ്ട്. മൂവായിരത്തിലധികം ലൈക്കുകളും നാനൂറില്‍ അധികം കമന്‍റുകളും യുട്യൂബില്‍ ഈ പതിപ്പിന് ലഭിച്ചിട്ടുണ്ട്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 2000 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രം മലയാളത്തിലെ വേറിട്ട ഒരു ആഖ്യാനമായിരുന്നു. സംഗീതജ്ഞന്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാര്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍, മുരളി, ജഗദീഷ്, ശരത് ദാസ്, വിജയലക്ഷ്മി, ലെന, രാധിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗറിന്‍റെ ഏറ്റവും മികച്ച വര്‍ക്കുകളില്‍ ഒന്നാണ് ചിത്രത്തിലേത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒന്നിനൊന്ന് മികച്ചതായിരുന്നു. സന്തോഷ് തുണ്ടിയില്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എല്‍ ഭൂമിനാഥന്‍ ആയിരുന്നു എഡിറ്റര്‍. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming