കേരളത്തില്‍ 56 തിയറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രം പ്രദര്‍ശനം ആരംഭിക്കുക

മലയാളത്തില്‍ നിന്ന് മറ്റൊരു റീ റിലീസ് നാളെ തിയറ്ററുകളില്‍. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ദേവദൂതനാണ് നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യപ്പെടുന്നത്. കേരളത്തില്‍ 56 തിയറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രം പ്രദര്‍ശനം ആരംഭിക്കുക. കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം നാളെത്തന്നെ എത്തും.

ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ എത്തുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി തുണ്ടിയിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ALSO READ : ഇനി സംവിധായകന്‍ എസ് എന്‍ സ്വാമി; 'സീക്രട്ടി'ലെ പ്രൊമോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം