പുതിയ ഗാനത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര
അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച ദേവരയിലെ 'ദാവൂദി' എന്ന ഫാസ്റ്റ് നമ്പറിന്‍റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.
ഹൈദരബാദ്: സെപ്തംബര്‍ മാസത്തില്‍ തെന്നിന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഒരു ചിത്രമാണ് ദേവര പാര്‍ട്ട് 1. കൊരട്ടാല ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024 സെപ്തംബർ 10 ന് ദേവരയുടെ തിയറ്റർ ട്രെയിലർ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"സെപ്തംബർ 10 ന് അല്ലെങ്കിൽ സെപ്റ്റംബർ 11 ന് ട്രെയിലർ ലോഞ്ച് ചെയ്യാൻ ദേവര ടീം ഒരുങ്ങുകയാണ്. നിർമ്മാതാക്കൾ ചിത്രത്തിന് അന്തിമ മിനുക്കുപണികൾ നടത്തുകയാണ്. ട്രെയിലര്‍ ഫൈനല്‍ ചെയ്തു കഴിഞ്ഞു” ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച ദേവരയിലെ 'ദാവൂദി' എന്ന ഫാസ്റ്റ് നമ്പറിന്‍റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. നായകനായ ജൂനിയര്‍ എന്‍ടിആറും, ജാന്‍വി കപൂറും മത്സരിച്ചുള്ള ഡാന്‍സ് രംഗമാണ് വീഡിയോയില്‍. നേരത്തെ ഇറങ്ങിയ സ്ലോ നമ്പറായ പുട്ടാല വന്‍ വിജയം നേടിയിരുന്നു.
അതേ സമയം ഗാനത്തിന് അനിരുദ്ധ് ബീസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ചെയ്ത അറബിക്ക് കുത്ത് ഗാനത്തിന്‍റെ ചില സാമ്യങ്ങളുണ്ട് എന്ന വിമര്‍ശനവും വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്. അതേ സമയം ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. യുഎസില്‍ അടക്കം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1. 2024 ഒക്ടോബര്‍ 10 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ 30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലില്‍ ആയിരുന്നു. അതേസമയം ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത് 2023 മെയ് മാസത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ചു.
ഹൈദരാബാദിന് പുറമെ ഗോവയിലും ചിത്രത്തിന് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് ആണ്.
'ദേവര' ഫസ്റ്റ് നമ്പര്‍ 'ദാവൂദി' ഇറങ്ങി: അറബിക് കുത്തിന്‍റെ മണമുണ്ടല്ലോയെന്ന് ഫാന്‍സ് അനിരുദ്ധിനോട് !
കമല്‍ഹാസന് പകരം ജനപ്രിയ താരം: ബിഗ് ബോസ് തമിഴിന്‍റെ പുതിയ ഹോസ്റ്റ് പ്രമോ വീഡിയോ പുറത്ത്