വിജയ് മാധവിനെ കുറിച്ച് ദേവിക.
സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് സീരിയൽ നടിയും അവതാരകയുമായിരുന്ന ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും. തങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളടക്കം ഇവർ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. വിജയ്‍ക്ക് സർപ്രൈസ് നൽകിയതിനെക്കുറിച്ചാണ് ദേവികയുടെ പുതിയ വ്ളോഗ്. ഫാദേഴ്സ് ഡേയുടെ അന്നു തന്നെയായിരുന്നു വിജയ് മാധവിന്റെ ജൻമദിനം. സ്വന്തം പിറന്നാൾ ആഘോഷിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് വിജയ് മാധവെന്നും മറ്റേതൊരു ദിവസം പോലെയേ സ്വന്തം ജൻമദിനവും കാണുന്നുള്ളൂ എന്നും ദേവിക പറയുന്നു.
''മക്കളെ വെച്ച് അധികം സര്‍പ്രൈസുകളൊന്നും കൊടുക്കാന്‍ പറ്റില്ല. ഞാൻ ഒരു കേക്ക് കസ്റ്റമൈസ് ചെയ്യിപ്പിച്ചിരുന്നു. അത് മാഷിന് അറിയില്ലായിരുന്നു. ആദ്യമായാണ് ഞാനൊരു കേക്ക് കസ്റ്റമൈസ് ചെയ്യിച്ചത്'', ദേവിക പറഞ്ഞു. പിറന്നാളും ഫാദേഴ്സ് ഡേയും പ്രമാണിച്ച് ഒരു പാർക്കർ പേനയും ദേവിക വിജയ്ക്ക് സമ്മാനമായി നൽകിയിരുന്നു.
''മക്കളായതിന് ശേഷം മാഷ് മാറിയത് എനിക്ക് ശരിക്കും അറിയാം. മക്കളാവുന്നത് വരെയുള്ള കാലവും, മക്കളായതിന് ശേഷമുള്ള മാറ്റവും എനിക്ക് അറിയാം. അച്ഛനായതിന് ശേഷം വേറെയൊരാളായതു പോലെയാണ് തോന്നുന്നത്. എല്ലാ അച്ഛൻമാരും അങ്ങനെയാണ്. എന്റെ ജീവിതത്തിലാണെങ്കിലും ഇപ്പോൾ മക്കൾക്കു തന്നെയാണ് മുൻഗണന'', എന്നും ദേവിക പറഞ്ഞു.
''ഒരു പുസ്‍തകത്തിന്റെ പുറംചട്ട കണ്ട് അതിനെ വിലയിരുത്തരുത് എന്ന് പറയാറുണ്ട്. മാഷിന്റെ കാര്യത്തില്‍ അത് വളരെ ശരിയാണ്. പുറമെ ആളുകള്‍ കാണുന്ന വിജയ് മാധവിന് വേറെയൊരു മുഖമാണ്. ഞങ്ങളുടെ കൂടെയുള്ള വിജയ് മാധവ് അങ്ങനെയല്ല. ഒരാള്‍ക്കൊരു ആപത്ത് വന്നാല്‍ ആദ്യമെത്തുന്നത് മാഷാണ്. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന, സത്യം മാത്രം പറയുന്ന, വളരെ പച്ചയായൊരു മലയാളി കുടുംബസ്ഥനാണ് വിജയ് മാധവ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് നല്ലൊരു വ്യക്തിയാണ്. എന്നും ഇതുപോലെ തന്നെയിരിക്കുക'', ദേവിക കൂട്ടിച്ചേർത്തു.
