ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ അഭിനയിക്കുന്ന 'കുബേര'യ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. 

ചെന്നൈ: ധനുഷ്, നാഗാർജുന, രശ്മിക മന്ദാന, ജിം സർബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കുബേര'. ഇപ്പോള്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്ന് യു എ സർട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിന്റെ അന്തിമ റൺടൈം 181 മിനിറ്റാണ്.

പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കുബേര' ജൂൺ 20ന് തിയേറ്ററുകളിൽ എത്തും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ഈ ചിത്രം പണത്തെ അടിസ്ഥാനമാക്കിയുള്ള പല ജീവിതങ്ങളുടെ യാത്ര ആവിഷ്കരിക്കുന്ന ഇമോഷണല്‍ ത്രില്ലറാണ് എന്നാണ് വിവരം.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം, ആരാധകർക്കിടയിൽ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. മൂന്ന് ആഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍‌ പുറത്തിറങ്ങിയിരുന്നു ഇത് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയിരുന്നു.

കേരളത്തിൽ ചിത്രം ദുല്‍ഖര്‍ സല്‍‌മാന്‍റെ വേഫറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം.