കിഷ്കിന്ധാ കാണ്ഡത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ ഈ മിസ്റ്ററി ത്രില്ലര്‍ തിയറ്ററിലും വലിയ വിജയം നേടിയിരുന്നു.
മലയാള ചിത്രം എക്കോയെ പ്രശംസിച്ച് തമിഴ് ചലച്ചിത്രതാരം ധനുഷ്. “ചിത്രം ഒരു മാസ്റ്റര്‍പീസ് ആണ്. നടി ബയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. ലോക നിലവാരത്തിലുള്ള പ്രകടനം”. ചിത്രം ഒടിടിയില്‍ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ധനുഷിന്‍റെയും പ്രശംസ വന്നിരിക്കുന്നത്. എക്സിലൂടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 31 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും പ്രേക്ഷകപ്രശംസ നേടിയ ഒന്നായിരുന്നു എക്കോ. നവംബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.
2024 ല്‍ തിയറ്ററുകളിലെത്തി ഇതേപോലെ പ്രേക്ഷകപ്രീതി നേടിയ കിഷ്കിന്ധാ കാണ്ഡത്തിന്‍റെ രചയിതാവും സംവിധായകനും വീണ്ടും ഒന്നിക്കുന്നു എന്നതിനാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു എക്കോ. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. വലിയ പ്രീ റിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററിലേക്ക് ജനം ഇരച്ചെത്തി. ഒപ്പം കളക്ഷനു കൂടി.
തിയറ്ററിലും വിജയം
ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ ഒടിടി റിലീസിന് പിന്നാലെയാണ് ചിത്രം മറുഭാഷാ പ്രേക്ഷകരായ വലിയൊരു വിഭാഗത്തിലേക്ക് എത്തിയത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങളും എത്തിത്തുടങ്ങി. ബാഹുല്‍ രമേശിന്‍റെ രചന തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം പകരുന്ന ഒന്നാണ്. കിഷ്കിന്ധാ കാണ്ഡത്തിനും ജിയോ ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിനും (സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു) ശേഷം ബാഹുല്‍ രമേശിന്‍റെ അനിമല്‍ ട്രൈലജിയിലെ മൂന്നാമത്തെ ഭാഗമായുമാണ് എക്കോ ഒരുക്കിയിരിക്കുന്നത്. യുവനായക നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സന്ദീപ് പ്രദീപിനും വലിയ നേട്ടമാണ് ഈ ചിത്രം. വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്ദേവ, ബിയാന മോമിന് തുടങ്ങി ശ്രദ്ധേയ കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്. ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന് സംഗീതം പകര്‍ന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീത സംവിധായകന്‍.



