'നാനേ വരുവേൻ' റിലീസ് പ്രഖ്യാപിച്ചു.
തമിഴകത്തിന്റെ തിയറ്ററുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ധനുഷ്. ധനുഷ് നായകനായ 'തിരുച്ചിദ്രമ്പലം' കളക്ഷൻ 100 കോടിയും കടന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ധനുഷിന്റെ പുതിയ ചിത്രവും റിലീസിന് തയ്യാറായിരിക്കുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'നാനേ വരുവേൻ' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ധനുഷ് പുറത്തുവിടുകയും ചെയ്‍തു.
ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‍തംബര്‍ 29ന് ആണ് ആഗോളവ്യാപകമായി റിലീസ് ചെയ്യുക. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.
'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' മിത്രൻ ജവഹര്‍ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'തിരുച്ചിദ്രമ്പലം' എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തിരുച്ചിദ്രമ്പല'ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.
Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍
