ധനുഷ് നായകനായ പുതിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് തുടക്കം മുതലേ ലഭിച്ചത്. ധനുഷ് നായകനായ ചിത്രം 70 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്‍നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 9.52 കോടി ചിത്രം നേടിയിരുന്നു. ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. പ്രകാശ് രാജും ചിത്രത്തിലുണ്ട്.
കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് ''തിരുച്ചിദ്രമ്പലം'.
'നാനേ വരുവേൻ' എന്ന ചിത്രവും ധനുഷ് നായകനായി ഒരുങ്ങുന്നുണ്ട്. 'നാനെ വരുവേൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും 'നാനെ വരുവേൻ' ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം.
'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.
Read More : നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ
