ധനുഷ് തെന്നിന്ത്യയിലെ ആ ഹിറ്റ് യുവ നടിയുമായി വിവാഹിതനാകുന്നു.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ധനുഷ്. തെന്നിന്ത്യയിലെ നിറ സാന്നിദ്ധ്യമായ നായികാ താരമാണ് മൃണാള്‍ താക്കൂര്‍. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നാണ് ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിലായിരിക്കും വിവാഹം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിംഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്‍തിരുന്നു. ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്‍ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.
തമിഴ് താരം ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന പ്രചരണത്തില്‍ ഒരിക്കല്‍ മൃണാള്‍ താക്കൂര്‍ പ്രതികരിച്ചിരുന്നു. പ്രചരണത്തെ ചിരിച്ചുതള്ളിയ മൃണാള്‍ ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി. ഒണ്‍ലി കോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ താക്കൂറിന്‍റെ പ്രതികരണം. ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പ്രതികരിച്ചു. ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിംഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ വിശദീകരിച്ചു. താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്ഗണ് ആയിരുന്നുവെന്നും മൃണാള്‍ പറഞ്ഞു.
എന്നാല്‍ ഇരുവരും ഡേറ്റിംഗില്‍ ആണെന്ന് സിനിമ മാധ്യമങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇപ്പോള്‍ വിവാഹ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ താരങ്ങളുടെ ആരാധകര്‍ വിവരം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എവിടെവെച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാക്കുകയാണ് ആരാധകര്‍. ധനുഷ് ഐശ്വര്യ രജനികാന്തില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ധനുഷിന് രണ്ട് മക്കളും ഉണ്ട്.
