ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതുന്നതാണ് അസുരൻ. ചിത്രത്തില്‍ മലയാളി താരം മഞ്‍ജു വാര്യരുമായിരുന്നു നായിക. വെട്രിമാരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ല എന്നാണ് സിനിമയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

ചൈനയിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ കമ്പനി സിനിമ റീമേക്ക് ചെയ്യാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ചൈന കമ്പനി സമീപിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് പറയുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് ഇതെന്ന് അസുരന്റെ നിര്‍മ്മാതാവ് പറയുന്നു. തമിഴ് നോവലിസ്റ്റ്  പൂമണിയുടെ വെക്കൈ എന്ന പുസ്‍തകത്തെ അടിസ്ഥാനമാക്കിയിരുന്നു സിനിമ എത്തിയത്. അതേസമയം വെങ്കടേഷ് നായകനായി ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്.