മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക
കെജിഎഫ് എന്ന ചിത്രത്തിലൂടെ കര്‍ണാടകത്തിന് പുറത്തേക്കും സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. അവരുടെ ഏറ്റവും പുതിയ ചിത്രം മലയാളത്തിലാണ്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രം ഇന്ന് ആരംഭിച്ചു.
ഫഹദും അപര്‍ണയുമുള്‍പ്പെടെ ചിത്രത്തിന്‍റെ പൂജ ചടങ്ങിന് എത്തിയിരുന്നു. റോഷന്‍ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് വസ്ത്രാലങ്കാരം.
പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി മലയാളത്തില്‍ ഒടുവിൽ പുറത്തിറങ്ങിയത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിംഗ് ചെയ്തിരുന്നു. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
