എ പി അര്‍ജുന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍
തെന്നിന്ത്യന്‍ സിനിമ ഇന്ന് തങ്ങളുടെ മാര്‍ക്കറ്റ് വലുതാക്കാനുള്ള ആവേശപൂര്‍വ്വമുള്ള ശ്രമങ്ങളിലാണ്. ബാഹുബലി തൊട്ടിങ്ങോട്ട് നിരവധി ചിത്രങ്ങളാണ് ഭാഷാഭേദമന്യെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ അവസാന ചിത്രം ആര്‍ആര്‍ആര്‍ പാശ്ചാത്യ ലോകത്തും ട്രെന്‍ഡ് ആയിരുന്നു. വിദേശ ഭാഷകളിലേക്കും തങ്ങളുടെ റിലീസ് നീട്ടാനുള്ള ശ്രമങ്ങളാണ് ചില നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യ ചിത്രം കങ്കുവ ഇത്തരത്തില്‍ ബഹുഭാഷകളില്‍ ആഗോള റിലീസ് ആയി എത്തിക്കുമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യന്‍ ചിത്രവും ആ വഴിയേ യാത്ര ആരംഭിക്കുകയാണ്.
കന്നഡ യുവതാരം ധ്രുവ സര്‍ജയെ നായകനാക്കി എ പി അര്‍ജുന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം മാര്‍ട്ടിന്‍ ആണ് അത്. കങ്കുവ 38 ഭാഷകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവ് ശ്രമിക്കുന്നതെങ്കില്‍ മാര്‍ട്ടിന്‍ നിര്‍മ്മാതാവ് നോക്കുന്നത് 13 ഭാഷകളിലെ ആഗോള റിലീസിനാണ്. വസാവി എന്‍റര്‍പ്രൈസസ്, ഉദയ് കെ മെഹ്ത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഉദയ് മെഹ്തയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരേ ദിവസം 13 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്ന് ഉദയ് പറയുന്നു.
"മുന്‍പ് 3 മുതല്‍ 6 മാസങ്ങള്‍ക്ക് ശേഷമാണ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളിലെ റിലീസിനൊപ്പം തന്നെ വിദേശ റിലീസും നടത്താനാണ് ഞങ്ങളുടെ ശ്രമം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി റിലീസുകള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. അതിനൊപ്പം ബംഗാളി, അറബിക്, ജാപ്പനീസ്, ചൈനീസ്, റഷ്യന്‍, അറബിക്, സ്പാനിഷ്, കൊറിയന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യാനാണ് ശ്രമം. ജപ്പാനില്‍ ചിത്രം വാങ്ങാന്‍ ആളുണ്ട്. ദുബൈയില്‍ അഞ്ച് ഇന്ത്യന്‍ ഭാഷകളിലെ റിലീസിനൊപ്പം അറബിക് ഭാഷയിലെ റിലീസിനും സാധ്യതയുണ്ട്. റഷ്യയിലും ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് സ്വീകാര്യതയുണ്ട്. വാതില്‍ തുറക്കപ്പെടുന്നിടങ്ങളിലൊക്കെ ചിത്രമെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും", ഉദയ് മെഹ്ത പറയുന്നു.
കങ്കുവ എത്തുന്നതിന്‍റെ തൊട്ടുപിറ്റേന്നാണ് മാര്‍ട്ടിന്‍റെ റിലീസ് എന്നതും കൗതുകകരമാണ്. ഒക്ടോബര്‍ 10 നാണ് കങ്കുവ എത്തുകയെങ്കില്‍ ഒക്ടോബര്‍ 11 ന് മാര്‍ട്ടിനും എത്തും.
ALSO READ : 'ഔസേപ്പിൻ്റെ ഒസ്യത്ത്' പീരുമേട്ടില്‍ പുരോഗമിക്കുന്നു
![#Martin - Teaser [4K] | Dhruva Sarja | AP Arjun | Uday K Mehta](https://i.ytimg.com/vi_webp/oge3BfIoG-c/default.webp)
