ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ധുരന്ദറിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത്. 

ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ധുരന്ദര്‍. സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ ധര്‍ ആണ്. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് സംവിധായകന്‍. രണ്‍വീര്‍ സിംഗ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറ അര്‍ജുന്‍ ആണ് നായിക. ഈ മാസം 5 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ഉറപ്പായും നായകനായെത്തുന്ന രണ്‍വീര്‍ തന്നെ. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 30- 50 കോടിയാണ് ധുരന്ദറിന് രണ്‍വീര്‍ വാങ്ങുന്നത്. പ്രതിഫലത്തില്‍ രണ്ടാമന്‍ സഞ്ജയ് ദത്ത് ആണ്. 10 കോടിയോളമാണ് അദ്ദേഹത്തിന്‍റെ പ്രതിഫലം എന്നാണ് അറിയുന്നത്. ആര്‍ മാധവന്‍റെ പ്രതിഫലം 9 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് ഖന്നയുടെ പ്രതിഫലം 2.5 കോടിയാണ്. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ രാംപാല്‍ ആണ്. 1 കോടിയാണ് വില്ലന്‍റെ പ്രതിഫലം. ചിത്രത്തിലെ നായിക സാറ അര്‍ജുനും സമാന പ്രതിഫലമാണ്. അതായത് ഒരു കോടി.

ബാലതാരം എന്ന നിലയില്‍ ഇന്‍ഡസ്ട്രിയില്‍ മുന്‍നിര പ്രതിഫലം വാങ്ങിയിരുന്ന സാറ അര്‍ജുന്‍റെ നായികയായുള്ള അരങ്ങേറ്റമാണ് ധുരന്ദര്‍. ബാലതാരമെന്ന നിലയില്‍ പരസ്യങ്ങളിലൂടെത്തന്നെ ശ്രദ്ധ നേടിയിരുന്ന സാറ നിരവധി അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളില്‍ കുട്ടിക്കാലത്ത് അഭിനയിച്ചിട്ടുണ്ട്. 404 എന്ന 2011 ഹിന്ദി ചിത്രത്തിലൂടെ ആറാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച സാറ ആന്‍മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിലെ ടൈറ്റില്‍ റോളിലൂടെ മലയാളികള്‍ക്കും പരിചിതയാണ്.

ദി റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്