രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന 'ധുരന്ദര്‍' എന്ന ബോളിവുഡ് ചിത്രം റിലീസിന് മുൻപേ ദൈര്‍ഘ്യത്തിന്‍റെ പേരില്‍ ചര്‍ച്ചയാകുന്നു

ആളുകളുടെ കുറഞ്ഞുവരുന്ന അറ്റന്‍ഷന്‍ സ്പാന്‍ സിനിമകളുടെ ദൈര്‍ഘ്യത്തെയും സ്വാധീനിക്കാറുണ്ട്. കൈയിലുള്ള മൊബൈല്‍ ഫോണിലേക്ക് എപ്പോള്‍ വേണമെങ്കിലും ശ്രദ്ധ പോയേക്കാവുന്ന കാണിയെ രണ്ടര മണിക്കൂര്‍ പിടിച്ചിരുത്തുക സംവിധായകരെ സംബന്ധിച്ച് വലിയ അധ്വാനമാണ് ഇന്ന്. സിനിമകളുടെ ശരാശരി ദൈര്‍ഘ്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് അതിന് വിപരീതമായി വലിയ റണ്ണിംഗ് ടൈമോടെ എത്തുന്ന ചിത്രങ്ങളുമുണ്ട്. തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അണിയറക്കാര്‍ക്കുള്ള ആത്മവിശ്വാസത്തിന് തെളിവാണ് അത്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന ഒരു ബിഗ് കാന്‍വാസ് ചിത്രം അതിന്‍റെ ദൈര്‍ഘ്യത്തിനും ഞെട്ടിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ധുരന്ദര്‍ എന്ന ചിത്രമാണ് അത്. സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുന്നത്. ഇതിന്‍റെ ആദ്യ ഭാഗത്തിന് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യം ഉണ്ടാവുമെന്നായിരുന്നു നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നര മണിക്കൂറിനും മുകളിലായിരിക്കും ചിത്രത്തിന്‍ഘെ ദൈര്‍ഘ്യം. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം 3.32 മണിക്കൂര്‍ ആയിരിക്കും ചിത്രത്തിന്‍റെ പ്രതീക്ഷിക്കപ്പെടുന്ന റണ്ണിംഗ് ടൈം. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ കൃത്യം ദൈര്‍ഘ്യം പറയാനാവൂ. എന്തായാലും മൂന്നര മണിക്കൂറോളം വരും ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

3.32 മണിക്കൂര്‍ ആണ് ധുരന്ദറിന്‍റെ ദൈര്‍ഘ്യമെങ്കില്‍ കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ ബോളിവുഡില്‍ റിലീസ് ചെയ്യപ്പെടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായിരിക്കും ഇത്. 3.34 മിനിറ്റ് ദൈര്‍ഘ്യമുള്ള ജോധ അക്ബര്‍ തിയറ്ററുകളിലെത്തിയത് 2008 ല്‍ ആയിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബോളിവുഡില്‍ 3 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള 24 ചിത്രങ്ങളാണ് എത്തിയത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം വികാഷ് നൗലാഖ, എഡിറ്റർ ശിവകുമാർ വി പണിക്കർ, സംഗീതം ശാശ്വത് സച്‌ദേവ്. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്