'ബോംബ് നിർവീര്യം, ഒരെണ്ണം ഓടുന്നുണ്ട്'; രസിപ്പിച്ച് ധ്യാൻ ശ്രീനിവാസന്റെ പോസ്റ്റ്
'ധ്യാനം കഴിഞ്ഞ്..ധ്യാൻ ഉണർന്നെ'ന്ന് ആരാധകര്‍.

സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ ധ്യാനിന്റേത്. ശ്രീനിവാസന്റെ മകൻ എന്നത് തന്നെയായിരുന്നു അതിന് കാരണം. മുൻകാലങ്ങളിലെ പല ഇന്റർവ്യുകളിലും ശ്രീനിവാസനൊപ്പം ധ്യാനും ഉണ്ടായിട്ടുണ്ട്. 'തിര' എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നടനായി. ഒടുവിൽ സിനിമ സംവിധാനവും ചെയ്തു. എന്നാൽ ധ്യാനിന്റെ സിനിമകളെക്കാൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അഭിമുഖങ്ങളാണ്. അക്കാര്യം നടൻ തന്നെ തുറന്നുപറഞ്ഞിട്ടുള്ള കാര്യവുമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി താരത്തിന്റെ സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുന്നുണ്ട്. എന്നാൽ പരാജയങ്ങളിൽ നിന്നും തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ് 'നദികളിൽ സുന്ദരി യമുന'.
കഴിഞ്ഞ ദിവസമാണ് ധ്യാനിന്റെ 'നദികളിൽ സുന്ദരി യമുന' റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രതികരണവുമായി സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ധ്യാൻ ശ്രീനിവാസൻ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. "ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട് ! ബോംബ് നിർവീര്യമാക്കി", എന്നാണ് ധ്യാൻ കുറിച്ചിരിക്കുന്നത്. ഒപ്പം 'നദികളിൽ സുന്ദരി യമുന'യുടെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
ധ്യാനിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത് "ധ്യാനം കഴിഞ്ഞ്..ധ്യാൻ ഉണർന്ന്, വളരെ നല്ല സിനിമയാണ്...ഇഷ്ടപ്പെട്ടു, വിജയപാതയിൽ തിരിച്ചെത്തി, നിങ്ങ പൊളിയാണ് മച്ചാനെ, "എൻ്റെ പടം ട്രോളാൻ വേറൊരു തെണ്ടിയുടെ സഹായം വേണ്ട" ധ്യാൻ ചേട്ടൻ പുലിയാണ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
വീണ്ടും പൃഥ്വിരാജും മോഹൻലാലും; ഒപ്പം തമിഴ് സൂപ്പർ താരവും ? ഡിജോ ജോസ് സിനിമാ ചർച്ചകൾ
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ട മറ്റ് അഭിനേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..