സൗദിയിലെ ജിസാനിൽ ദീർഘകാല പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഇസ്മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു. 44 വർഷമായി ടൊയോട്ട കമ്പനിയിൽ പാർട്‌സ് ജനറൽ മാനേജരായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഇസ്മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു. ജിസാനിലെ സാലിം ബാബിക്കി ടൊയോട്ട കമ്പനിയിൽ പാർട്‌സ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ജിസാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 44 വർഷക്കാലമായി ജിസാനിലെ ടൊയോട്ട കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇസ്മാഈൽ മജാൽ പ്രാദേശിക പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്നു. ഇസ്മാഈൽ മജാലിന് ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാൾ ജിസാനിലെ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേർ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്മഈലിന്റെ മകൻ വസീൽ മജാലിന്റെ പേരിൽ ഇതിനായുള്ള പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. സൗദി കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി, കമ്പനി പ്രതിനിധി മനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫയർ വിങ്ങാണ് നിയമനടപടികൾക്ക് ആവശ്യമായ സഹായങ്ങളുമായി രംഗത്തുള്ളത്.