കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ അവസാനചിത്രം 'ദില്‍ ബേചാര' ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്. സിനിമാപ്രേമികള്‍ക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നു ഈ നടന്‍ എന്നതിന്‍റെ തെളിവായിരുന്നു പ്രീമിയറിനെ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ട്വിറ്ററിലെ അഭിപ്രായപ്രകടനങ്ങള്‍. റിവ്യൂവിനപ്പുറം സുശാന്തിന്‍റെ അവസാനചിത്രം തങ്ങളിലുണ്ടാക്കിയ വികാരവിക്ഷോഭങ്ങളാണ് ആരാധകരില്‍ ഭൂരിഭാഗവും അടയാളപ്പെടുത്തിയത്. ചിത്രത്തില്‍ സുശാന്ത് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായ 'ഇമ്മാനുവല്‍ രാജ്‍കുമാര്‍ ജൂനിയര്‍' എന്നതുപോലും ആ സമയത്ത് ട്വിറ്ററില്‍ ഒരു ട്രെന്‍ഡിംഗ് ടോപ്പിക് ആയിരുന്നു. എന്നാല്‍ കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടോ ചിത്രം? ഡിസ്‍നി + ഹോട്ട്സ്റ്റാര്‍ ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ചില ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ചുള്ള കണക്കുകള്‍ ദേശീയമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളിലൊന്ന് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയില്‍ നിന്നുള്ള ഒരു ട്രേഡ് അനലിസ്റ്റിനെ ഉദ്ധരിച്ച് 'മിഡ് ഡേ' നല്‍കിയ വാര്‍ത്തയാണ്. എച്ച്ബിഒയുടെ ലോകപ്രശസ്ത സിരീസ് ആയ ഗെയിം ഓഫ് ത്രോണ്‍സുമായി താരതമ്യം ചെയ്യാവുന്നതാണ് ദില്‍ ബേചാര നേടിയ കാണികളുടെ എണ്ണമെന്നാണ് അദ്ദേഹം പറയുന്നത്. മറ്റു കണക്കുകള്‍ വെളിപ്പെടുത്താതെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് ഇപ്രകാരമാണ്- "ഗെയിം ഓഫ് ത്രോണ്‍സ് വലിയ ജനപ്രീതിയുള്ള ഒരു സിരീസ് ആയിരുന്നതിനാല്‍ മുന്നോട്ടുപോകുന്തോറും പുതിയ സീസണുകള്‍ക്കായി കാത്തിരിക്കുന്ന കാണികള്‍ ഉണ്ടായിരുന്നു. അതുപോലെയല്ല ഒരു സിനിമയുടെ കാര്യം. എന്നാല്‍ ഡിസ്‍നി + ഹോട്ട്സ്റ്റാര്‍ ദില്‍ ബേചാര നന്നായി വിപണനം ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു എന്നത് വസ്തുതയാണ്. അതിനാലാണ് ഇത്രയും വലിയ പ്രേക്ഷകപ്രതികരണം അതിനു ലഭിച്ചത്", അദ്ദേഹം പറയുന്നു.

 

പ്രീമിയര്‍ ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളില്‍ ചിത്രം 95 മില്യണ്‍ (9.5 കോടി) കാഴ്ചകള്‍ നേടിയെന്നാണ് പുറത്തുവരുന്ന അനൗദ്യേഗിക കണക്കുകള്‍. ചിത്രം തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ബോക്സ് ഓഫീസ് കളക്ഷനെക്കുറിച്ചുള്ള പ്രവചനവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. 100 രൂപ ടിക്കറ്റ് വച്ച് കണക്കുകൂട്ടിയാല്‍ 9.5 കോടി കാണികളില്‍ നിന്ന് ചിത്രം 950 കോടി രൂപ നേടുമായിരുന്നുവെന്നാണ് ഒരു കണക്ക്. പല മള്‍ട്ടിപ്ലെക്സുകളിലും ടിക്കറ്റ് നിരക്ക് ഇതില്‍ കൂടുതലായതിനാല്‍ 1500 കോടിക്കും 2000 കോടിക്കും ഇടയിലാവും ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നാല്‍ നേടുമായിരുന്നതെന്നും അനലിസ്റ്റുകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടേണ്ടിവരുകയായിരുന്നു. സുശാന്തിന്‍റെ മരണത്തിനു പിന്നാലെയാണ് ഡയറക്ട് ഒടിടി റിലീസായി ചിത്രം എത്തുമെന്ന കാര്യം പ്രഖ്യാപിക്കപ്പെടുന്നത്.