ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ ഞെട്ടലോടെ സ്വീകരിച്ച വാര്‍ത്തയായിരുന്നു സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ അപ്രതീക്ഷിത വിയോഗം. ബോളിവുഡില്‍ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്കും ഈ മരണം തുടക്കമിട്ടു. എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നു സുശാന്ത് എന്നത് വെളിപ്പെടുത്തുകയാണ് പ്രേക്ഷകര്‍. അതിനു തെളിവാവുകയാണ് സുശാന്തിന്‍റേതായി പുറത്തുവരാനിരിക്കുന്ന സിനിമ 'ദില്‍ ബേചാര'യുടെ പുറത്തെത്തിയ ട്രെയ്‍ലറിനു ലഭിച്ച പ്രതികരണം.

ഇന്നലെ എത്തിയ ട്രെയ്‍ലറിന് ഇതിനകം ലഭിച്ചത് മൂന്നര കോടിയിലേറെ കാഴ്‍ചകളാണ്. ലൈക്കുകളുടെ എണ്ണത്തില്‍ ഈ വീഡിയോ ഒരു ലോകറെക്കോര്‍ഡ് തന്നെ സൃഷ്ടിക്കുകയും ചെയ്‍തു. ലോകത്ത് ഇതുവരെ ഇറങ്ങിയിട്ടുള്ള ട്രെയ്‍ലറുകളില്‍ യുട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയ ട്രെയ്‍ലര്‍ ആയിരിക്കുകയാണ് 'ദില്‍ ബേചാര'യുടേത്. തകര്‍ത്തത് ഹോളിവുഡ് ചിത്രം അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന്‍റെ റെക്കോര്‍ഡും. 36 ലക്ഷം ലൈക്കുകളാണ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന് ലഭിച്ചിരുന്നതെങ്കില്‍ ദില്‍ ബേചാരയ്ക്ക് ഇതുവരെ ലഭിച്ചത് 68 ലക്ഷം ലൈക്കുകളാണ്. അതേസമയം കൂടുതല്‍ കാഴ്‍ചകള്‍ ഇന്‍ഫിനിറ്റി വാറിനു തന്നെയാണ്. 24 കോടിയോളം കാഴ്‍ചകളാണ് ഹോളിവുഡ് ചിത്രത്തിന്‍റെ ട്രെയ്‍ലറിന് ഉള്ളത്.

അമേരിക്കന്‍ എഴുത്തുകാരനും യുട്യൂബ് കണ്ടന്‍റ് ക്രിയേറ്ററുമായ ജോണ്‍ മൈക്കള്‍ ഗ്രീനിന്‍റെ 'ദി ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്' എന്ന നോവലിനെ ആസ്പദമാക്കി നവാഗതനായ മുകേഷ് ഛബ്രയാണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. ഇതേ നോവലിനെ ആസ്പദമാക്കി നോവലിന്‍റെ പേരില്‍ത്തന്നെ 2014ല്‍ ഒരു ഹോളിവുഡ് സിനിമ പുറത്തുവന്നിട്ടുണ്ട്. 

സഞ്ജന സംഗിയാണ് സുശാന്തിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. സാഹില്‍ വൈദ്, സ്വാസ്‍തിക മുഖര്‍ജി, ശാശ്വത ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍റേതാണ് സംഗീതം. നിര്‍മ്മാണം ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാര്‍ വിഐപിയിലൂടെയാണ് റിലീസ്. ഈ മാസം 24ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തും.