ഷേക്‍സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചിത്രവുമായി ദിലീഷ് പോത്തന്‍. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ തന്നെയാണ് നായകനാവുന്നത്. 'ജോജി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഹേഷിന്‍റെ പ്രതികാരത്തിന് തിരക്കഥയൊരുക്കിയ ശ്യാം പുഷ്കരന്‍ തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. 

നേരത്തെ ഫഹദ് ഫാസില്‍ നായകനായ കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും (സംഭാഷണം), മഹേഷിന്‍റെ പ്രതികാരം, ഇയ്യോബിന്‍റെ പുസ്തകം (ഗോപന്‍ ചിദംബരത്തിനൊപ്പം), 22 ഫീമെയില്‍ കോട്ടയം (അഭിലാഷ് എസ് കുമാറിനൊപ്പം) എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ശ്യാം പുഷ്കരന്‍. അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന തലക്കുറിപ്പോടെ ഫഹദ് ഫാസില്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍മ്മാതാക്കളായും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും തന്നെയാണ് പുതിയ ചിത്രത്തില്‍. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് 'ജോജി' ഒരുങ്ങുക. 2021ല്‍ തീയേറ്ററുകളിലെത്തുംവിധം നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.