വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

'സിബിഐ' സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്‍ത് ദിലീഷ് പോത്തന്‍ (Dileesh Pothan). ചിത്രീകരണ സ്ഥലത്തുനിന്ന് ദിലീഷ് പോത്തനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സംവിധായകന്‍ കെ മധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ദിലീഷെന്നും ഒപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്നും കെ മധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ മമ്മൂട്ടിക്ക് കൊവിഡ് പിടിപെട്ടിരുന്നു. എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഷൂട്ടിംഗ് സംഘത്തിലെ മറ്റാര്‍ക്കും കൊവിഡ് കണ്ടെത്താതിരുന്നതിനെത്തുടര്‍ന്ന് ചിത്രീകരണത്തെ ഇത് ബാധിച്ചില്ല. കഥാപാത്രത്തിന്‍റെ ഒരു സ്റ്റില്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും അഞ്ചാം വരവിലെ സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കിനായുള്ളകാത്തിരിപ്പിലാണ് ആരാധകര്‍.