പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമമാണെന്നും ആഷിഖ് അബു. 

മോഹൻലാൽ- പൃഥ്വിരാജ് കോമ്പോയിൽ എത്തിയ എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. എമ്പുരാന്റേത് വളരെ നിർഭാ​ഗ്യകരമായൊരു അവസ്ഥയാണെന്നും പൃഥ്വിരാജിന് വ്യക്തിപരമായി പൂർണ പിന്തുണ നൽകുന്നുവെന്നും ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നമ്മുടെ എല്ലാവരുടെയും മൗനം കണ്ട് സഹിക്കാൻ പറ്റാത്തോണ്ടായിക്കണം മല്ലിക സുകുമാരനെ പോലൊരു അമ്മയ്ക്ക് ശക്തമായി സംസാരിക്കേണ്ടി വന്നതെന്നും സംവിധായകൻ പറഞ്ഞു. പൃഥ്വിരാജിന് നേരെ നടക്കുന്നത് സംഘടിതമായ ആക്രമമാണെന്നും അദ്ദേഹം പറയുന്നു.

ആഷിഖ് അബുവിന്റെ വാക്കുകൾ ഇങ്ങനെ

എനിക്ക് സിനിമ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി എമ്പുരാനെതിരെ വരുന്ന വിവാദങ്ങൾ ഞാനും ശ്രദ്ധിക്കുന്നുണ്ട്. വളരെ നിർഭാ​ഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഒരിക്കൽ കൂടി, ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അത് മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ തന്നെ വരികയും ഭീഷണിക്ക് വഴങ്ങുകയും ചെയ്ത ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് നമ്മളൊക്കെ ഉള്ളത്. 

മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ഫിലിം മേക്കേഴ്സ്, വലിയൊരു ബാനർ, ആന്റണി പെരുമ്പാവൂരിനെ പോലെ ആഘോഷിക്കപ്പെടുന്ന നിർമാതാവ് തുടങ്ങി വലിയൊരു സംഘം ചെയ്ത സിനിമക്കാണ് ഈ ദുർവിധി ഉണ്ടായിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഉറപ്പായുമത് ആശങ്കപ്പെടുത്തുന്ന കാര്യവുമാണ്.

'ഓന്തിനെപ്പോലെ നിറം മാറി, ലാലേട്ടന്‍റെ സിനിമകളെടുത്ത 'രവി': മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

പൃഥ്വിരാജിന് നേരെ സംഘടിതമായി നടക്കുന്ന ആക്രമത്തിന് നേരെയുള്ള നറേഷൻസാണ് വിമർശനങ്ങൾ. പൃഥ്വിരാജ് എന്ന് പറയുന്നയാൾ മുൻപെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാ​ഗ്യം ഈ അവസരത്തിൽ പൂർണ്ണ ശക്തിയോടെ ഉപയോ​ഗിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ബോധപൂർവമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമാണത്. പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നിൽക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..