Asianet News MalayalamAsianet News Malayalam

മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്‍; നിലത്തിരുന്ന് പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍

എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞയി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിച്ചു

director anil radhakrishna menon insults actor bineesh bastin
Author
Palakkad, First Published Oct 31, 2019, 11:31 PM IST

പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ്  പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തിയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.  കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ  ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞയി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിച്ചു. പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല. നേരെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്നു. 

വേദിയില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. അനുനയിപ്പിക്കാന്‍ ശ്രമിച്ച സംഘാടകരോട് എനിക്ക് ഒരു മുപ്പത് സെക്കന്‍റ് സംസാരിക്കണം എന്ന് ബിനീഷ് ആവശ്യപ്പെട്ടു. '' ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സല്‍ട്ടിംഗ് അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. ചെയര്‍മാന്‍ എന്‍റെ റൂമില്‍ വന്ന് പറഞ്ഞു അനിലേട്ടനാണ് ഗസ്റ്റ് ആയി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാന്‍ ഗസ്റ്റ് ആയിട്ട് വന്നാല്‍ അനിലേട്ടന്‍ സ്റ്റേജില്‍ കേറൂല, അവനോട് ഇവിടെ വരരുത് എന്ന്  അനിലേട്ടന്‍ പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു.അവന്‍ എന്‍റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ല'' - ബിനീഷ് പറഞ്ഞു.

എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യിലുള്ള കുറിപ്പ് വായിച്ചു. കുറിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. 

Follow Us:
Download App:
  • android
  • ios