കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് സംവിധായകൻ അരുൺ ഗോപി. ജനങ്ങൾ തിരഞ്ഞെടുത്തത് പാർട്ടിയെയാണ്, മുഖ്യമന്ത്രിയെ അല്ല. ചർച്ചകൾ സ്വാഭാവികമാണെന്നും മാധ്യമങ്ങളാണ് ഇത് വലിച്ചിഴക്കുന്നതെന്നും അരുണ്‍.

വോട്ടെണ്ണൽ കഴിഞ്ഞ് ബഹുഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് വിജയിച്ചിട്ടും കേരളത്തിൽ ഇതുവരെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം ഇക്കാര്യത്തിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ അരുൺ ​ഗോപി.

Add Asianetnews as a Preferred SourcegooglePreferred

ജനങ്ങൾ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയെ അല്ല, ഒരു പാർട്ടിയെ ആണെന്നും ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളും അവരുടെ സ്വന്തം പ്ലാറ്റ്‌ഫോമുകളിലാണ് നടക്കുന്നതെന്നും പറഞ്ഞ അരുൺ ​ഗോപി, അത് ജനമധ്യത്തിൽ വലിച്ചിഴക്കുന്നത് മീഡിയക്കാരാണെന്നും കുറ്റപ്പെടുത്തി. ആരായാലും നല്ലൊരു ഭരണം ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാമെന്നും കെസി വേണു​ഗോപാലിന് മുഖ്യമന്ത്രിയാകാൻ ആശയുണ്ടായിരുന്നുവെങ്കിൽ ജനാധിപത്യ രീതിയിൽ മത്സരരംഗത്ത് നിന്ന് ജയിച്ചിട്ട് ആകാമായിരുന്നുവെന്നും അരുൺ ​ഗോപി ചൂണ്ടിക്കാട്ടി.

അരുൺ ​ഗോപിയുടെ വാക്കുകൾ ഇങ്ങനെ

കോൺഗ്രസും മുഖ്യമന്ത്രിയും

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് തികച്ചും കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. ഈ നാട്ടിലെ ജനങ്ങൾ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയെ അല്ല, ഒരു പാർട്ടിയെയാണ്. സ്വാഭാവികമായി യോഗ്യതയുള്ള ആളുകൾ ഒന്നിലധികം ഉണ്ടാകുമ്പോൾ ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ സംഭവിക്കാം. അത് അവർ ജനമധ്യത്തിൽ അല്ല ചെയ്യുന്നത്; അവരുടെ സ്വന്തം പ്ലാറ്റ്‌ഫോമുകളിലാണ്. അതിനെ ജനമധ്യത്തിലേക്ക് വലിച്ചിഴക്കുന്നത് മീഡിയയാണ്! കോൺഗ്രസ് ആദ്യമേ നയം വ്യക്തമാക്കിയിരുന്നല്ലോ, മുഖ്യമന്ത്രി എന്ന തരത്തിൽ ഒരു വ്യക്തിയെ പ്രൊജക്റ്റ് ചെയ്യില്ലെന്ന്.

‘അണികൾ’ എന്ന പേരിലുള്ള ചേരി തിരിഞ്ഞുള്ള അപഹാസ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ, അതൊരു ആരോഗ്യകരമായ രാഷ്ട്രീയ ചര്‍ച്ചയായി കാണാനും നമ്മൾ പഠിക്കണം. VDS, RC, KC ഇവരിൽ ആരായാലും നല്ലൊരു ഭരണം ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം. ഒരു പാർട്ടിയുടെ എം.എൽ.എമാരും നേതൃത്വവും ചേർന്ന് എടുക്കേണ്ട തീരുമാനത്തെ നമ്മൾ എന്തിനാണ് അസഹിഷ്ണുതയോടെ കാണുന്നത്?

സമയം കൊടുക്കൂ. തിരഞ്ഞെടുക്കേണ്ടത് പ്രബുദ്ധ മലയാളികളെ നയിക്കേണ്ട ഒരാളെയല്ലേ? അതിന് ആവശ്യമായ ചര്‍ച്ചകൾ നടക്കട്ടെ. നല്ലതിനായി കാത്തിരിക്കാം. അപ്പോഴും ഒരു കാര്യം പറയാതെ വയ്യ. KC ആണ് മുഖ്യമന്ത്രിയാകേണ്ടതെന്ന ആഗ്രഹവും ആശയവും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ, ജനാധിപത്യ രീതിയിൽ മത്സരരംഗത്ത് നിന്ന് ജയിച്ചിട്ട് ആകാമായിരുന്നു. അത്രമാത്രം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming