Bheeshma Parvam : 'പ്രമേയം വെറും പഴംതുണി ആണെന്ന് പറയുക വയ്യ'; 'ഭീഷ്മപർവ്വ'ത്തെ കുറിച്ച് ഭദ്രൻ
പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ടെന്നും ഭദ്രന്‍.

മമ്മൂട്ടിയെ(Mammootty) നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടി. ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയം കൈവരിച്ചു. ഇപ്പോഴിതാ സംവിധായകൻ ഭദ്രൻ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസമാണ് ഭീഷ്മപർവ്വം കണ്ടതെന്നും ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണെന്നും ഭദ്രൻ കുറിച്ചു. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ടെന്നും സംവിധായകൻ പറയുന്നു.
ഭദ്രന്റെ വാക്കുകൾ
ഭീഷമ പർവ്വം.
ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്. ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദർ ' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു. അവിടെ നിന്ന് ഭീഷമ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണ്. ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.
Read Also: Puzhu Movie Review : ജാതിരാഷ്ട്രീയത്തിലേക്ക് ഇഴഞ്ഞെത്തുന്ന 'പുഴു', മമ്മൂട്ടിയെന്ന നടന്‍: റിവ്യൂ
14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽനീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപർവ്വം. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Read More: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍