മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ചിദംബരവും ദേശീയ പുരസ്കാര ജേതാവായ കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടിയും രണ്ട് പുതിയ പ്രോജക്ടുകൾക്കായി ഒന്നിക്കുന്നു. ഇതിൽ ആദ്യത്തേത് പ്രമുഖ നിർമ്മാതാവ് ഷിബു തമീൻസ് നിർമ്മിക്കുന്ന ഒരു കന്നഡ സ്പോർട്സ് ഡ്രാമയാണ്.

‘ജാൻ-എ-മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’, 'ബാലൻ ദ ബോയ്' എന്നീ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ചിദംബരവും ദേശീയ പുരസ്കാര ജേതാവായ കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടിയും ഒന്നിക്കുന്ന രണ്ട് ചിത്രങ്ങൾ ഒരുങ്ങുന്നു. ഇരുവരും രണ്ട് പ്രോജക്ടുകൾക്കായി ഒന്നിക്കുന്നതിൽ ആദ്യത്തേത് ഒരു കന്നഡ സ്പോർട്സ് ഡ്രാമയാണെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പ്രമുഖ നിർമ്മാതാവ് ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്.

വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും കേന്ദ്രീകരിച്ചുള്ള അവതരണമാണ് ചിദംബരത്തിന്റെ സിനിമകളുടെ പ്രധാന സവിശേഷത. അരങ്ങേറ്റ ചിത്രമായ ‘ജാൻ-എ-മൻ’ മുതൽ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ, ‘മഞ്ഞുമ്മൽ ബോയ്സ്’ലൂടെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയെ വലിയ പ്രേക്ഷകാനുഭവമാക്കി മാറ്റിയിരുന്നു. തുടർന്ന് ‘ബാലൻ: ദ ബോയ്’ എന്ന ചിത്രത്തിലൂടെ മറ്റൊരു വ്യത്യസ്ത ലോകമാണ് ചിദംബരം അവതരിപ്പിച്ചത്. പുതിയ ചിത്രവും അദ്ദേഹത്തിന്റെ സിനിമാറ്റിക് സമീപനത്തിലെ മറ്റൊരു വേറിട്ട അധ്യായമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

‘കാന്താര’യിലൂടെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഋഷഭ് ഷെട്ടി നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ്. ‘കാന്താര’യിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭ് ഷെട്ടിയെ തേടിയെത്തിയിരുന്നു. അഭിനയത്തിനൊപ്പം എഴുത്തിലും സംവിധാനത്തിലും സജീവമായ ഋഷഭ് ഷെട്ടിയും ചിദംബരവും ഒന്നിക്കുന്നുവെന്നത് തന്നെ പുതിയ ചിത്രത്തിന് വലിയ കൗതുകം നൽകുന്നുണ്ട്.

സ്പോർട്സിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും ഇരുവരുടെയും ആദ്യ പ്രോജക്ട്. ചിത്രത്തിന്റെ താരനിര, സാങ്കേതിക പ്രവർത്തകർ എന്നിവർ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടും. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. തമീൻസ് ഫിലിംസ്, എച്ച് ആർ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള നിർമ്മാതാവാണ് ഷിബു തമീൻസ്.

ചിദംബരം-ഋഷഭ് ഷെട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സ്പോർട്സ് ഡ്രാമയുടെ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

YouTube video player