റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും ! ഒടുവിൽ 'ധ്രുവനച്ചത്തിര'ത്തിൽ മൗനം വെടിഞ്ഞ് ഗൗതം മേനോൻ
2013ൽ ആണ് ധ്രുവനച്ചത്തിരത്തെ കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടക്കുന്നത്.

തമിഴ് സിനിമാലോകം കഴിഞ്ഞ കുറേ വർഷങ്ങളായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. പേര് 'ധ്രുവനച്ചത്തിരം'. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയിൽ നായകനായി എത്തുന്ന വിക്രം ആണ്. സംവിധാനം ഗൗതം വാസുദേവ് മേനോൻ ആണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം 2023 നവംബര്‍ 24ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൗതം മേനോൻ.
ധ്രുവനച്ചത്തിരം എന്ന് റിലീസ് കാണുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'വരും ധ്രുവം വരും', എന്നാണ് ഗൗതം മേനോൻ പറഞ്ഞത്. കൂടുതൽ ഒന്നും അദ്ദേഹം പറഞ്ഞതുമില്ല. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുൻപും തന്റെ സിനിമകളുടെ റിലീസ് ഗൗതം മാറ്റിയിട്ടുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും അദ്ദേഹത്തിന് പഴികൾ കേൾക്കേണ്ടിയും വന്നിട്ടുണ്ട്.
2013ൽ ആണ് ധ്രുവനച്ചത്തിരത്തെ കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടക്കുന്നത്. ഒടുവിൽ 2016ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇതിനിടയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധി കാരണം റിലീസുകൾ നീണ്ടുപോകുക ആയിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗൗതം വാസുദേവ് മേനോൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങി നിരവധി പേരും ചിത്രത്തിന്റെ ഭാഗമാണ്. അതേസമയം, സുരേഷ് ഗോപി നായകനായി എത്തുന്ന വരാഹം എന്ന ചിത്രത്തിൽ ഗൗതം മേനോൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'പീക്ക് ലെവൽ സാധനം, രണ്ടാം ഭാഗം വേണം'; ഒടിടിയ്ക്ക് പിന്നാലെ 'വാലിബൻ' ക്ലൈമാക്സിന് വൻ കയ്യടി
