സൂര്യ നായകനായ സൂരരൈ പൊട്രു ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ഹരി രംഗത്ത്.  ഓണ്‍ലൈൻ റിലീസില്‍ നിന്ന് സൂര്യ പിൻമാറണം എന്ന് അറിയിച്ച് ഹരി തുറന്ന കത്ത് എഴുതി.

ബഹുമാനപ്പെട്ട ശ്രീ സൂര്യക്ക്. താങ്കളുമായി ഒന്നിച്ച് ജോലി ചെയ്‍ത സ്വാതന്ത്ര്യത്തില്‍ ചില കാര്യങ്ങള്‍ പറയട്ടെ. ഒരു ആരാധകനായി താങ്കളുടെ സിനിമ തിയറ്ററില്‍ കാണുന്നതാണ് എനിക്ക് സന്തോഷം. ഒടിടിയില്‍ കാണുന്നത് അല്ല. നമ്മള്‍ ഒന്നിച്ച് ചെയ്‍ത സിനിമകള്‍ക്ക് തിയറ്ററില്‍ ആരാധകരില്‍ നിന്ന് കിട്ടിയ കയ്യടികളാലാണ് നമ്മള്‍ ഇത്രയും ഉയരത്തില്‍ ഇരിക്കുന്നത്. അത് മറക്കേണ്ട. സിനിമ എന്ന തൊഴില്‍ നമുക്ക് ദൈവമാണ്. ദൈവം എല്ലായിടത്തും ഉണ്ടായിരിക്കാം. പക്ഷേ തിയറ്റര്‍ എന്ന ക്ഷേത്രത്തില്‍ ഇരിക്കുമ്പോഴാണ് അതിന് മതിപ്പ്. സംവിധായകര്‍ക്ക്, അവരുടെ ക്രിയാത്മകതയ്‍ക്കും പ്രശസ്‍തിയും പേരും ലഭിക്കുന്നത് അപ്പോഴാണ്. നിര്‍മാതാക്കളുടെ ബുദ്ധിമുട്ടുകള്‍ നഷ്‍ടങ്ങള്‍ എന്നിവ മനസ്സിലാക്കിയവനാണ് ഞാൻ എന്നിരുന്നാലും താങ്കളുടെ തീരുമാനം പുന: പരിശോധിച്ചാല്‍, സിനിമ ഉള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്‍തിയും നിലനില്‍ക്കും എന്നും ഹരി കത്തില്‍ പറയുന്നു.