കളക്ഷൻ വേട്ട തുടരുന്ന 'ലിയോ'; വിജയിയുടെ പ്രതിഫലം 100 കോടിക്കുമേല്‍, ലോകേഷ് വാങ്ങിയത് എത്ര ?
തലൈവർ 171 ആണ് ലോകേഷിന്‍റെ പുതിയ ചിത്രം.

ലോകേഷ് കനകരാജ്, ഈ പേരും വ്യക്തിയും ഇന്ന് തെന്നിന്ത്യയിലെ ബ്രാന്റായി മാറിയിരിക്കുകയാണ്. ഷോർട് ഫിലിമിലൂടെ കരിയര്‍ ആരംഭിച്ച ലോകേഷ് കെട്ടിപ്പടുത്ത 'എൽസിയു'എന്ന സാമ്രാജ്യം മതിയാകും ആരാണ് ലോകേഷ് എന്ന് മനസിലാക്കാൻ. ലോകേഷിനൊപ്പം താരമൂല്യത്തിൽ മുൻപന്തിയിലുള്ള വിജയിയും ഒന്നിച്ചാൽ എന്താകും അവസ്ഥ? സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് ലിയോ. റിലീസ് ചെയ്ത് നാല് ദിവസം പൂർത്തിയാക്കുമ്പോൾ നാന്നൂറ് കോടി അടുപ്പിച്ച് ചിത്രം നേടി കഴിഞ്ഞു. അതും ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിച്ചു കൊണ്ട്. ഈ അവസരത്തിൽ ലിയോയ്ക്ക് വേണ്ടി ലോകേഷ് വാങ്ങിയ പ്രതിഫല വിവരങ്ങളാണ് പുറത്തുവരുന്നത്.
ലിയോയ്ക്കായി 50 കോടിയാണ് ലോകേഷ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകേഷിന്റെ ആദ്യചിത്രമായ മാനഗരം നാല് കോടി ബജറ്റിലാണ് ഒരുങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പണംവാരിക്കൂട്ടുന്ന ലിയോയുടെ ബജറ്റ് 300 കോടിയാണ്. നാല് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ചിത്രങ്ങളുടെ ബജറ്റിലും പ്രതിഫലത്തിലും വൻ വളർച്ചയാണ് കാണിക്കുന്നത് എന്ന് വ്യക്തം. അതേസമയം, ലിയോയ്ക്ക് വേണ്ടി വിജയ് വാങ്ങിയ പ്രതിഫലം 120 കോടിയാണെന്നാണ് വിവരം.
വമ്പൻ പ്രഖ്യാപനം, മമ്മൂട്ടിയുടെ പുതിയ ചിത്രം വൈശാഖിനൊപ്പം; തിരക്കഥ മിഥുൻ മാനുവൽ
രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് ലോകേഷിന്റെതായി ഇനി വരാനിരിക്കുന്നത്. തലൈവർ 171 എന്ന താൽകാലികമായി നാമകരണം ചെയ്യപ്പെട്ട ചിത്രം നിർമിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിൽ തൃഷയാകും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. അനുരുദ്ധ് ആണ് സംഗീത സംവിധാനം. നിലവില്‍ തലൈവര്‍ 170ല്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് രജനികാന്ത്. ഇതിനു ശേഷം ലോകേഷ് ചിത്രം ആരംഭിക്കുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..