'ധീരം, ഉജ്ജ്വലം', തഗ് ലൈഫിനെ കുറിച്ച് ലോകേഷ് കനകരാജ്
നടൻ കമല്‍ഹാസന്റെ തഗ് ലൈഫിനെ കുറിച്ച് ലോകേഷ് കനകരാജ്.

മണിരത്നവും ഉലകനായകൻ കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചകളാടുന്ന കമല്‍ഹാസൻ മണിരത്നത്തിന്റെ സംവിധാനത്തില്‍ വീണ്ടും എത്തുമ്പോള്‍ വൻ ഹിറ്റാകും എന്ന് ഉറപ്പ്. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജും ചിത്രം മികച്ച ഒന്നാകും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
തഗ് ലൈഫ് എന്നാണ് കമല്‍ഹാസൻ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉജ്ജ്വലമായ ഉള്ളടക്കം എന്നാണ് അനൗണ്‍സ്‍മെന്റ് വീഡിയോ കണ്ട് ലോകേഷ് കനകരാജ് അഭിപ്രായപ്പെടുന്നത്. ധീരമായ ആഖ്യാനം എന്നും അഭിപ്രായപ്പെടുന്ന സംവിധായകൻ ലോകേഷ് കനകരാജ് തഗ് ലൈഫിലെ അനൗണ്‍സ്‍മെന്റ് വീഡിയോയിലേത് സ്‍ഫോടനാത്മകമായ വിഷ്വല്‍സാണെന്നും വ്യക്തമാക്കുന്നു. ലോകേഷ് കനകരാജിന്റെ വാക്കുകളും ചര്‍ച്ചയാകുകയാണ്.
രംഗരയ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തെ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച് അൻപറിവാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാനാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ടാകും. ദുല്‍ഖര്‍ നായകനായി നേരത്തെ മണിരത്‍നത്തിന്റെ സംവിധാനത്തില്‍ ഒകെ കാതല്‍ കണ്‍മണി എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുകയും വിജയമാകുകയും ചെയ്‍തിരുന്നു. ദുല്‍ഖര്‍ കമല്‍ഹാസനൊപ്പവും മണിരത്‍നത്തിലുള്ള സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാകുന്നു. നായകനായ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസിനൊപ്പം തഗ് ലൈഫിന്റെ നിര്‍മാണത്തില്‍ മദ്രാസ് ടാക്കീസും റെഡ് ജിയാന്റ് മൂവീസും പങ്കാളികളാകുന്നു.
Read More: അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്‍സ് വിറ്റതും വൻ തുകയ്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക