ആരോപണങ്ങൾ നിഷേധിച്ച മാർട്ടിൻ ജോസഫ്, ശ്രീലേഖ പോസ്റ്റ് ചെയ്ത ചെറുകഥയുമായി സിനിമയ്ക്ക് സാമ്യത ഇല്ലെന്നും പശ്ചാത്തലം പൊലീസ് സ്റ്റേഷൻ ആയത് മാത്രമാണ് ഏക സാമ്യതയെന്നും പ്രതികരിച്ചു.
കൊച്ചി: ദൃഢം സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആർ ശ്രീലേഖയുടെ പരാതിയിൽ പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണങ്ങൾ നിഷേധിച്ച മാർട്ടിൻ ജോസഫ്, ശ്രീലേഖ പോസ്റ്റ് ചെയ്ത ചെറുകഥയുമായി സിനിമയ്ക്ക് സാമ്യത ഇല്ലെന്നും പശ്ചാത്തലം പൊലീസ് സ്റ്റേഷൻ ആയത് മാത്രമാണ് ഏക സാമ്യതയെന്നും പ്രതികരിച്ചു. സിനിമ കാണുന്നവർക്ക് കാര്യങ്ങൾ മനസിലാകും. എന്തുകൊണ്ടാണ് ശ്രീലേഖ ഇങ്ങനെ പോസ്റ്റ് ചെയ്തതെന്ന് അറിയില്ല. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് ചെറുകഥ ആദ്യമായി കാണുന്നത്. ഒരു തരത്തിലും കഥ മോഷ്ടിച്ചിട്ടില്ലെന്നും മാർട്ടിൻ ജോസഫ് പറഞ്ഞു.
ഷെയ്‍ൻ നിഗം നായകനായി വന്ന ചിത്രമാണ് ദൃഢം. ദൃഢം കോപ്പിയടിയാണെന്ന് ആരോപിച്ച് മുൻ ഡിജിപിയും കൗണ്‍സലറുമായ ശ്രീലേഖയാണ് രംഗത്ത് എത്തിയത്. തന്റെ ചെറുകഥ മോഷ്‍ടിച്ചതാണ് ദൃഢം എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. താൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പൊലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്.
ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്
"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.
എന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.



