ആക്ഷന്‍ നായകനായുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആരാധകര്‍ എത്രത്തോളം പ്രതീക്ഷിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു പിറന്നാള്‍ ദിനത്തില്‍ പുറത്തെത്തിയ അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന സിനിമകളുടെ പ്രൊമോഷന്‍ മെറ്റീരിയലുകള്‍. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്‍റെ ടീസറും നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന, സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും അന്നേദിവസം പുറത്തെത്തിയിരുന്നു. ഇരുചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ ഒരുകാലത്ത് സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന മാസ് അപ്പീലുള്ള കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയാണ്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര് 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്നാണ്. ഒരു മധ്യതിരുവിതാംകൂറുകാരനാണ് ഈ കഥാപാത്രമെന്ന് പറയുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. പാലാ സ്വദേശി ആണെന്നും.

"ഒരു ആക്ഷന്‍-ഫാമിലി ഡ്രാമ ചിത്രമെന്നാണ് ഈ സിനിമയെ ഞാന്‍ വിശേഷിപ്പിക്കുക. ഫാമിലി സെന്‍റിമെന്‍റ്സിനൊക്കെ പ്രാധാന്യമുള്ള സിനിമയാണ്. സുരേഷേട്ടന്‍റെ വലിയ ആരാധകനാണ് ഞാന്‍. എന്‍റെ കഴിവിന്‍റെ പരമാവധി ഈ പ്രോജക്ടിലേക്ക് ഞാന്‍ നല്‍കുന്നുണ്ട്. പക്ഷേ 'ലേല'ത്തിലെയോ മറ്റേതെങ്കിലും ഹിറ്റ് സിനിമകളിലെയോ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളുമായി 'കടുവാക്കുന്നേല്‍ കറുവച്ചനെ' ഞാന്‍ താരതമ്യം ചെയ്യില്ല", മാത്യൂസ് തോമസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട, അമല്‍ നീരദിന്‍റെ സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഈ സിനിമയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. 'അര്‍ജ്ജുന്‍ റെഡ്ഡി'ക്ക് സംഗീതം പകര്‍ന്ന ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ജോണി ആന്‍റണി, ദീപന്‍, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മാത്യൂസ് തോമസ്.