Asianet News MalayalamAsianet News Malayalam

ആംസ്ട്രോങ് വധക്കേസില്‍ പൊലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ നെല്‍സണ്‍

ചെന്നൈ അടയാറിലെ വീട്ടിലെത്തി ഒരുമണിക്കൂറോളമാണ് അന്വേഷണസംഘം നെല്‍സണെ ചോദ്യം ചെയ്തതുവെന്നാണ് വാര്‍ത്ത വന്നിരുന്നത്.

Director Nelson denied the news that he was questioned by the police in the Armstrong murder case vvk
Author
First Published Aug 24, 2024, 5:49 PM IST | Last Updated Aug 24, 2024, 5:49 PM IST

ചെന്നൈ: തമിഴ്നാട് ബിഎസ്‍പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ് ചലച്ചിത്ര സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ . ചെന്നൈ അടയാറിലെ വീട്ടിലെത്തി ഒരുമണിക്കൂറോളമാണ് അന്വേഷണസംഘം നെല്‍സണെ ചോദ്യം ചെയ്തതുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് നെൽസന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. 

ആംസ്ട്രോങ്ങ് കൊലക്കേസില്‍ തങ്ങള്‍ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകന്‍ മൊട്ടൈ കൃഷ്ണന് തുക കൈമാറിയെന്നും മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്നും കണ്ടെത്തിയതോടെയാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. 

ആംസ്ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന്‍ മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എന്നാല്‍ മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു. 

തനിക്ക് വളരെക്കാലമായി അറിയുന്ന വ്യക്തിയാണ് മൊട്ടൈ കൃഷ്ണന്‍ എന്നാണ് മോനിഷ പറയുന്നത്. അതേ സമയം തന്നെ ഒരു പൊലീസും ചോദ്യം ചെയ്തിട്ടില്ലെന്ന് നെല്‍സണ്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. എവിടെ നിന്നാണ് ഇത്തരം ഒരു വാര്‍ത്ത വന്നത് എന്ന് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു. രജനികാന്തിന്‍റെ ഹിറ്റ് ചിത്രം ജയിലറിന്‍റെ സംവിധായകനാണ് നെല്‍സണ്‍. അടുത്തതായി ജയിലര്‍ 2 ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നെല്‍സണ്‍ എന്നാണ് വിവരം. ഒപ്പം തന്നെ ഫിലമെന്‍റ് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിലൂടെ നിര്‍മ്മാണ രംഗത്തേക്കും നെല്‍സണ്‍ കടന്നിട്ടുണ്ട്. കവിന്‍ നായകനായ ബ്ലെഡി ബെഗ്ഗറാണ് നെല്‍സന്‍റെ ആദ്യ നിര്‍മ്മാണ സംരംഭം. 

കഴിഞ്ഞ മാസമാണ് തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം 11പേര്‍ കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായിരുന്നു. 

ഭൂമിയിടപാടിലെ തർക്കത്തിന് പിന്നാലെ ആംസ്ട്രോങ്ങിനെതിരെ നിരവധി പേർക്ക് പകയുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനോടകം ഡിഎംകെ, ബിജെപി, എഐഎഡിഎംകെ, ടിഎംസ് (എം) അടക്കമുള്ള പാർട്ടികളുമായി ബന്ധമുള്ളവരെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ഹോം ഗാർഡ് ആയിരുന്ന ടി പ്രദീപ്, അഭിഭാഷകനായ ബി ശിവ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

'ചലച്ചിത്ര അക്കാദമി ചെയർമാൻ' രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു 

പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച അര്‍ഷാദ് വര്‍സിക്ക് മറുപടി നല്‍കി 'കൽക്കി 2898 എഡി' സംവിധായകൻ നാഗ് അശ്വിൻ
 

Latest Videos
Follow Us:
Download App:
  • android
  • ios