മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്ന്.
റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിലായി എത്തിയ മലയാള സിനിമയാണ് ഛോട്ടാ മുംബൈ. ഇതുവരെ മോളിവുഡിൽ വീണ്ടും റിലീസ് ചെയ്ത സിനിമകളുടെ റെക്കോർഡുകൾ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് ഛോട്ടാ മുംബൈ ഇപ്പോൾ. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 2.60 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ഛോട്ടാ മുംബൈ തിയറ്ററുകളിൽ ആവേശം സൃഷ്ടിക്കുന്നതിനിടെ മോഹൻലാലിന്റെ മറ്റ് ചില സിനിമകളും റി റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകർ രംഗത്ത് എത്തുന്നുണ്ട്.
ഈ അവസരത്തിൽ മോഹൻലാലിന്റെ ഒരു ചിത്രം റി റിലീസ് ചെയ്തിരുന്നുവെങ്കിലെന്ന് പറഞ്ഞ് എത്തിയിരിക്കുയാണ് സംവിധായകൻ ഒമർ. ഇരുപതാം നൂറ്റാണ്ടിനെ കുറിച്ചാണ് ഒമർ പറയുന്നത്. "ഞാന്‍ ഏറ്റവും കൂടുതൽ കണ്ട സിനിമ,എത്ര വട്ടം കണ്ടാലും മടുക്കാത്ത സിനിമ ഇതൊന്ന് Remaster ചെയ്‌ത്‌ത് 4k Dolbyയിൽ Re-Release ചെയ്തിരുന്നെങ്കിൽ", എന്നാണ് ഒമർ കുറിച്ചത്.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി. മോഹൻലാൽ എന്ന നടനെ സൂപ്പർ താരമാക്കി മാറ്റിയതിൽ പ്രധാന പങ്കുകൂടി ഈ ചിത്രം വഹിച്ചിരുന്നു. ഇന്നും ഇരുപതാം നൂറ്റാണ്ടും അതിലെ പേരുകളും 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന ഡയലോഗുകളും പ്രേക്ഷകർക്കിടയിൽ സംസാരമാകാറുണ്ട്. കെ മധുവിന്റെ സംവിധാനത്തിൽ 1987ൽ റിലീസ് ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. മോഹൻലാലിനൊപ്പം ജഗതി ശ്രീകുമാര്‍, സുരേഷ് ഗോപി, അംബിക, ഉര്‍വശി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന പേരിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. അമല്‍ നീരദ് ആയിരുന്നു സംവിധാനം. ജാക്കിയുടെ രണ്ടാം വരവും ആരാധകര്‍ ആഘോഷമാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റേതായി തരംഗമായ ആ പശ്ചാത്തല സംഗീതം രണ്ടാം ഭാഗത്തിനായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും പുനരാവിഷ്‌കരിച്ചിരുന്നു. എന്തായാലും സിനിമ തിയറ്ററുകളിൽ വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.



