വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ വേഷം.
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് കളങ്കാവൽ. പേരിലെ കൗതുകം കൊണ്ട് മാത്രമല്ല ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് മമ്മൂട്ടി ആണെന്നതും പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന ഘടകമായി മാറി. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന കളങ്കാവലിനെ സംബന്ധിച്ച് പുറത്തുവരുന്ന ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് വലിയൊരു അപ്ഡേറ്റ് വരുന്നുവെന്ന സൂചന നൽകുകയാണ് സംവിധായകൻ ജിതിൻ കെ ജോസും അണിയറ പ്രവർത്തകരും.
കളങ്കാവലിന്റെ ഫോട്ടോ പങ്കുവച്ച് എഡിറ്റിംഗ് ടൈം എന്ന് കുറിച്ചു കൊണ്ടാണ് അസോസിയേറ്റ് ഡയറക്ടർ ആഷിഖ് സൽമാൻ സ്റ്റോറി പങ്കിട്ടിരിക്കുന്നത്. ഒപ്പം ജിതിൻ കെ ജോസിനെയും എഡിറ്റർ പ്രവീൺ പ്രഭാകറിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ്, ബാംഗ്ലൂർ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം, ട്രാൻസ് തുടങ്ങി നിരവധി സിനിമകൾ എഡിറ്റ് ചെയ്തിട്ടുള്ള ആളാണ് പ്രവീൺ പ്രഭാകർ. അപ്ഡേറ്റ് വന്നതിന് പിന്നാലെ കളങ്കാവലിന്റെ ടീസർ, ഫസ്റ്റ് ഗ്ലിംപ്സ്, മോഷൻ പോസ്റ്റർ, ട്രെയിലർ തുടങ്ങിയവയിൽ ഏതെങ്കിലും ഉടൻ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ വേഷമാകും കളങ്കാവലിലേത് എന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുമ്പോൾ നായക കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നതെന്നാണ് വിവരം. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണ് കളങ്കാവൽ. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.



